ഡിവൈഎസ്പി നിയമനത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി

എസ്എഫ്ഐ നേതാവിന് സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി പിഎസ്സി നിയമനം നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്മാന് ആര്.എസ്. ശശികുമാര്‍ നല്കിയ പരാതിയിലാണു നടപടി. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാ ബീഗത്തിനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.
എറണാകുളത്തെ എസ്എഫ്ഐ നേതാവായ കെ.ജെ. ജിതിനെയാണ് മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് സ്പെഷല്‍ റിക്രൂട്ടുമെന്റിലൂടെ നിയമിക്കാന്‍ പിഎസ്സി തീരുമാനിച്ചത്. ബികോമിനു ഗ്രേസ് മാര്‍ക്ക് ലഭിച്ചതു കൊണ്ടുമാത്രം പാസായ കെ.ജെ. ജിതിന് പൊലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ മെയിന്‍ ലിസ്റ്റില്‍ പോലും ഇടം പിടിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ മാറുന്നതിനു തൊട്ടുമുമ്പ് ധൃതിപിടിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ നിയമിക്കാന്‍ പിഎസ്സി ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബര്‍ 10 ആയിരുന്നു. എഴുത്തുപരീക്ഷ നടത്തിയത് 2025 ഡിസംബര്‍ 31 നും കായിക ക്ഷമതാ പരീക്ഷ മാര്‍ച്ച് 16 നും ആയിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2026 ഏപ്രില്‍ 22 ന് അഭിമുഖവും മേയ് ആറിന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 17,392 പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























