യുവതികളെ കാരിയർമാരാക്കുന്നതിന് പിന്നൽ... ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

കേരളത്തിൽ സ്വർണക്കടത്ത് കേസുകൾ വീണ്ടും കൂടുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് സംഘങ്ങളുടെ സജീവ ഇടപെടൽ നടക്കുന്നുണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിദേശത്തുനിന്ന് സ്വർണം കടത്താൻ യുവതികളെ കാരിയർമാരാക്കുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന മറികടന്ന് പുറത്തേക്ക് എത്തിക്കുന്ന സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം കാത്തുനിൽക്കുന്നു. ഇതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയും, അതിന് പിന്നാലെ പുറത്തുവന്ന നാടകീയ വഴിത്തിരിവും കേരളത്തെ ഞെട്ടിക്കുകയാണ്. സ്വർണം കടത്താൻ യുവതികളെ ഉപയോഗിക്കുന്നതിനു പുറമെ, കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കാൻ സംഘടിത സംഘങ്ങൾ തന്നെ രംഗത്തിറങ്ങുന്നുവെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാനുള്ള നീക്കത്തിൽ ഭർത്താവ് നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.
ദുബായിൽ നിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച കണ്ണൂർ സ്വദേശി പ്രിയങ്കയെ കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടുപോയത്. സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. ഒടുവിൽ പുളിക്കലിൽ വച്ച് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചു. എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യം ചെയ്‌തതോടെ തട്ടിക്കൊണ്ടുപോകൽ നാടകമാണ് നടന്നതെന്ന് വ്യക്തമായി. സ്വർണവുമായെത്തിയ പ്രിയങ്കയെ കാറിലെത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നത്. പ്രിയങ്കയ്‌ക്കും ഇതിൽ പങ്കുണ്ട്. പ്രിയങ്കയുടെ ഭർത്താവും ഇതേ കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞു.
കരിപ്പൂരിൽ നവംബർ നാലിന് നടന്ന സംഭവത്തോടെയാണ് പുതിയ വിവാദങ്ങൾ തുടങ്ങുന്നത്. ദുബായിൽനിന്ന് സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയായ പ്രിയങ്കയാണ് സംഭവത്തിലെ പ്രധാന കഥാപാത്രം. ഏകദേശം 18 പവൻ സ്വർണവുമായാണ് യുവതി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. സ്വർണം സ്വീകരിക്കാൻ ഒരാൾ വിമാനത്താവളത്തിന് പുറത്തും കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ യുവതി പുറത്തേക്ക് എത്തിയതോടെ നീല നിറത്തിലുള്ള കാറിലെത്തിയ സംഘം അവരെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഉടൻതന്നെ വാഹനത്തെ പിന്തുടർന്നു. വിമാനത്താവളത്തിൽനിന്ന് പുളിക്കൽ ആന്തിയൂർക്കുന്ന് റോഡിലേക്ക് ഏകദേശം 12 കിലോമീറ്ററോളം നീണ്ട പിന്തുടരലിനൊടുവിൽ പൊലീസ് കാർ തടഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് സംഘത്തെ പിടികൂടിയത്. തുടക്കത്തിൽ സ്വർണം തട്ടിയെടുക്കാനുള്ള കവർച്ചാശ്രമമാണെന്നായിരുന്നു സംശയം. എന്നാൽ പ്രതികളെ ചോദ്യം ചെയ്തതോടെ കേസിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടായി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
എന്നാൽ ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നതാണ് ഏറ്റവും ഗൗരവമുള്ള കാര്യം. ഇതിന് തൊട്ടുമുമ്പ്, നവംബർ രണ്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ മറ്റൊരു സ്വർണക്കടത്ത് സംഘത്തിന്റെ നീക്കവും പൊലീസ് തകർത്തിരുന്നു. ഇടുക്കി വണ്ടൻമേട് സ്വദേശിനിയായ 27 വയസ്സുകാരി അഭിരാമിയാണ് അന്ന് സ്വർണവുമായി വിമാനത്താവളത്തിലെത്തിയത്. ബഹ്റൈനിൽനിന്ന് ഷാർജ വഴി കോഴിക്കോട്ടെത്തിയ യുവതിയുടെ കൈവശമുണ്ടായിരുന്നത് 817 ഗ്രാം സ്വർണമായിരുന്നു. ഏകദേശം 102 പവൻ. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. ബാറ്ററി കെയ്സിനുള്ളിൽ 14 ചെറിയ സ്വർണ ഷീറ്റുകളായിട്ടായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
യുവതിയെ സ്വീകരിക്കാനായി എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ ഇവർ പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ മറ്റൊരു സംഘം സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു. നാദാപുരം കല്ലാച്ചി സ്വദേശികളായ ബവിലേഷും സായന്തും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഘത്തിൽ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. പൊലീസിനെ ആക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവവുമുണ്ടായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ കാറിടിപ്പിക്കാനും സംഘം ശ്രമിച്ചു. ഒടുവിൽ പൊലീസ് ഇടപെട്ട് സ്വർണം തട്ടിയെടുക്കാനുള്ള നീക്കം പരാജയപ്പെടുത്തി. യുവതിയെയും സ്വർണം സ്വീകരിക്കാനെത്തിയ ആളെയും കസ്റ്റംസിന് കൈമാറി. സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
ഈ രണ്ട് സംഭവങ്ങളും പരിശോധിക്കുമ്പോൾ കേരളത്തിലെ സ്വർണക്കടത്തിന്റെ പുതിയൊരു അപകടകരമായ ചിത്രം കൂടി പുറത്തുവരികയാണ്. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരാൻ സ്ത്രീകളെ ഉപയോഗിക്കുന്ന രീതി അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പുതിയ വെല്ലുവിളിയാകുന്നു. സാധാരണ യാത്രക്കാരെപ്പോലെ വിമാനത്താവളത്തിലെത്തുന്ന യുവതികളുടെ കൈവശം സ്വർണം ഒളിപ്പിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. ആഭരണങ്ങളായും മറ്റ് സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നു. ഇതിന് പിന്നിൽ വിദേശത്തുള്ള ഇടപാടുകാരും നാട്ടിലെ സ്വർണക്കടത്ത് ശൃംഖലകളും പ്രവർത്തിക്കുന്നുണ്ടോ എന്നതും പ്രധാനപ്പെട്ട അന്വേഷണ വിഷയമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്വർണം കടത്തിക്കൊണ്ടുവരുന്നവരും അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള ബന്ധമാണ്. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്ന യുവതികളെ വിമാനത്താവളത്തിന് പുറത്തുവെച്ച് പിന്തുടരുക, ഭീഷണിപ്പെടുത്തുക, ബലമായി വാഹനത്തിൽ കയറ്റുക, സ്വർണം കൈക്കലാക്കുക തുടങ്ങിയ രീതികളാണ് പുറത്തുവരുന്ന സംഭവങ്ങളിൽ കാണുന്നത്. ഇത്തരം സംഘങ്ങളെയാണ് പൊതുവെ സ്വർണം പൊട്ടിക്കൽ സംഘങ്ങൾ എന്നു വിളിക്കുന്നത്. കസ്റ്റംസ് പരിശോധന മറികടന്ന് പുറത്തേക്ക് എത്തിച്ച സ്വർണം തട്ടിയെടുത്ത് സ്വന്തം ലാഭമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.
നവംബർ രണ്ടിലെ സംഭവത്തിൽ മറ്റൊരു സംഘമാണ് യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ നവംബർ നാലിലെ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ ആസൂത്രിത നാടകമാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രണ്ട് സംഭവങ്ങളെയും ഒരേ രീതിയിലുള്ള കുറ്റകൃത്യങ്ങളായി കാണാനാകില്ല. എന്നാൽ കരിപ്പൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘങ്ങളുടെ പ്രവർത്തനം വീണ്ടും സജീവമായെന്ന ആശങ്കയ്ക്ക് ഈ സംഭവങ്ങൾ കാരണമാകുന്നുണ്ട്.
യുവതികളെ പണം വാഗ്ദാനം ചെയ്ത് സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ടോ, ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കണ്ണികൾ ആരൊക്കെയാണ്, വിദേശത്തുനിന്ന് സ്വർണം അയക്കുന്നവരും കേരളത്തിൽ അത് സ്വീകരിക്കുന്നവരും തമ്മിലുള്ള ബന്ധം എന്താണ്, വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങൾക്ക് ആരാണ് സഹായം നൽകുന്നത്? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്ക് ഇനി അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കരിപ്പൂരിൽ തുടർച്ചയായ ദിവസങ്ങളിൽ പുറത്തുവന്ന ഈ സംഭവങ്ങൾ ഒരു മുന്നറിയിപ്പാണ്. സ്വർണക്കടത്ത് വെറും കസ്റ്റംസ് പരിശോധന വെട്ടിക്കുന്ന കുറ്റകൃത്യം മാത്രമല്ല. അതിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകളും ആളുകളെ ഉപയോഗിച്ചുള്ള ആസൂത്രണങ്ങളും സ്വർണം തട്ടിയെടുക്കാൻ തയ്യാറായ സംഘങ്ങളുമുണ്ടാകാം. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്ന സ്ത്രീകൾ പോലും ഇത്തരം സംഘങ്ങളുടെ ഇടപെടലിൽ അപകടത്തിലാകുന്നു. ഇതിന് പിന്നിലെ യഥാർഥ ശൃംഖല പുറത്തുകൊണ്ടുവരാൻ ശക്തമായ അന്വേഷണം അനിവാര്യമാണ്.
സ്വർണക്കടത്ത് സംഘങ്ങൾ ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങളും ഓരോ ദിവസവും കൂടുതൽ വിചിത്രവും അപകടകരവുമാകുകയാണ്. സാധാരണ ആഭരണങ്ങളായി ധരിച്ചും ബാഗുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചും മാത്രമല്ല, ശരീരത്തിനുള്ളിൽ വരെ സ്വർണം കടത്തുന്ന രീതികളുണ്ട്. സ്ത്രീകളെ ഉപയോഗിക്കുന്ന കേസുകളിൽ സാനിറ്ററി നാപ്കിനുകൾക്കുള്ളിലും അടിവസ്ത്രങ്ങളിലും ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലുമെല്ലാം സ്വർണം ഒളിപ്പിച്ചുകൊണ്ടുവരുന്ന രീതികൾ അന്വേഷണങ്ങളിൽ പലതവണ പുറത്തുവന്നിട്ടുണ്ട്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്. ചിലർ സ്വർണം കടത്താനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുമ്പോൾ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻ സംഘങ്ങൾ സുരക്ഷിതമായി മാറിനിൽക്കുകയാണ്. പണം വാഗ്ദാനം ചെയ്തും സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തും സ്ത്രീകളെ ഈ ശൃംഖലയുടെ ഭാഗമാക്കുന്നുണ്ടോ എന്നതും ഗൗരവമായി പരിശോധിക്കേണ്ടതാണ്. വിമാനത്താവളത്തിലെ പരിശോധനകൾ മറികടക്കാൻ ഓരോ തവണയും പുതിയ വഴികൾ തേടുന്ന സ്വർണക്കടത്ത് സംഘങ്ങളെ കണ്ടെത്തുക എന്നത് അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്.
https://www.facebook.com/Malayalivartha

























