സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികൾ നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല.
ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. അതേസമയം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം തുടരുന്നു. 16 വിദ്യാർഥികളെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാനായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്‌പെന്‍ഷനിലായ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























