റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥ്' സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ് പുറത്തിറക്കി

കാമ്പസുകളില്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുപറയാന്‍ വിദ്യാര്‍ഥികളും ഇനി ഭയക്കേണ്ട. കാമ്പസുകളില്‍ റാഗിങ് തടയാന്‍ സിദ്ധാര്‍ഥ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ് പുറത്തിറക്കി സര്‍ക്കാര്‍. പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങ്ങിനിരയായി ജീവനൊടുക്കിയ ജെ.എസ്. സിദ്ധാര്ഥന്റെപേരില് പുറത്തിറക്കിയ ആപ്പ് ഇനി വിദ്യാര്‍ഥികള്‍ക്കു സുരക്ഷയൊരുക്കും. റാഗിങ്ങിന് ഇരയായി ഇനിയൊരമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്.
ഡിജിറ്റല്‍ സര്‍വകലാശാലയാണ് ആപ്പ് രൂപകല്പന ചെയ്തത്. ജവാഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന് ആപ്പ് പുറത്തിറക്കി. ആപ്പിന്റെ മാതൃക സിദ്ധാര്‍ഥന്റെ അമ്മ എം.ആര്.ഷീബയുടെ സാന്നിധ്യത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വിദ്യാര്‍ഥിനി പൗഷാലി ബാനര്‍ജി ഏറ്റുവാങ്ങി.
ഒരമ്മയുടെ കണ്ണീരില്നിന്നുണ്ടായ ആപ്പാണ് സിദ്ധാര്‍ഥ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു.
വ്യക്തികളുടെ പേരുവിവരം പുറത്തുവരാത്ത രീതിയില്‍ ഏതൊരാള്‍ക്കും ആപ്പിലൂടെ പരാതി അറിയിക്കാം. കാമ്പസുകളില്‍ റാഗിങ് ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റാഗിങ് നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ആപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി റോജി എം. ജോണ്‍ അധ്യക്ഷനായി. നിയമസഭയില്‍ പുതിയ ആന്റി റാഗിങ് ആക്ട് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























