കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി.
കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെ വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളുടെ ഭാഗമായി നടന്ന രഥപ്രയാണത്തിൽ പങ്കുചേരാനും ദർശനം നടത്താനുമായി വിവിധ ദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്. വാദ്യമേളങ്ങളുടെയും വേദമന്ത്രങ്ങളുടെയും അകമ്പടിയിൽ അലങ്കരിച്ച രഥങ്ങൾ വീഥികളിലൂടെ നീങ്ങിയപ്പോൾ അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി.
രാവിലെ വേദപാരായണവും ഉപനിഷത്ത് പാരായണവുമുൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് ഉത്സവ ദിനത്തിന് തുടക്കമായത്. തുടർന്ന് വിശ്വനാഥസ്വാമിയുടെ തിരുകല്യാണ ചടങ്ങും നടന്നു. 11.45നും 12.15നും ഇടയിലുള്ള മുഹൂർത്തത്തിൽ രഥാരോഹണച്ചടങ്ങ് പൂർത്തിയാക്കി. വൈകിട്ട് നാലോടെ രഥപ്രയാണവും തുടർന്നു.
കൽപ്പാത്തിയുടെ ചരിത്രവും അഗ്രഹാരങ്ങളുടെ പൈതൃകവും വിളിച്ചോതുന്നതാണ് രഥോത്സവം. തലമുറകളായി പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒത്തുചേരുന്ന ആഘോഷം നാടിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം കൂടിയാണ്. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥാരോഹണത്തോടെ പ്രധാന രഥപ്രയാണത്തിന് തുടക്കമായി. ഇന്ന് മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥവും നാളെ പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങളും പ്രയാണം തുടങ്ങും. മൂന്നാം തേരുത്സവദിനമായ നാളെ തേരുമുട്ടിയിൽ നടക്കുന്ന ദേവരഥസംഗമത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ ഏവരും.
"
https://www.facebook.com/Malayalivartha
























