ഇന്ത്യാ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശ്രദ്ധേയമായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്

ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷനാണ് (ഐറ്റിപിഒ) ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 45-ാമത് ഐഐടിഎഫ് സംഘടിപ്പിക്കുന്നത്. നവംബര്‍ 13 ന് ആരംഭിച്ച മേള നവംബര്‍ 26 ന് സമാപിക്കും. 'വികാസ് ഔര്‍ വിരാസത്' (വികസനവും പൈതൃകവും) എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം.
രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെടുത്തുന്നതിലും സര്‍ക്കാരിന്റെ ആരോഗ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും എച്ച്എല്‍എല്‍ നല്കുന്ന സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രദര്‍ശനത്തിന് സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എച്ച്എല്‍എല്‍ സ്റ്റാള്‍ ഉള്‍പ്പെടുന്ന 'ഹെല്‍ത്ത് പവലിയന്' കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. നീതി ആയോഗ് അംഗം ഡോ. എം. ശ്രീനിവാസ്, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. രാജീവ് ബഹല്‍, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ സുനില്‍ കുമാര്‍ ബര്ണ്വാള് എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
'യുവ ഭാരത്, സ്വസ്ഥ ഭാരത്' എന്ന പ്രമേയത്തിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ആരോഗ്യ പവലിയനില്‍ പ്രതിരോധ ആരോഗ്യ സംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു.
മെന്‍സ്ട്രുവല്‍ കപ്പ്, സാനിറ്ററി നാപ്കിന്, സാനിറ്ററി നാപ്കിന് വെന്‍ഡിംഗ് മെഷീന്, ഇന്‍സിനറേറ്ററുകള്‍ തുടങ്ങി ആര്‍ത്തവ ശുചിത്വ അവബോധവും സുരക്ഷിതമായ സംസ്കരണ രീതികളും പ്രോത്സാഹിപ്പിക്കുന്ന വിപുലമായ ഉല്‍പ്പന്നങ്ങളും അമൃത് ഫാര്‍മസികള്‍, ഹിന്‍ഡ്ലാബ്സ് തുടങ്ങിയ സംവിധാനങ്ങളും എച്ച്എല്‍എല്‍ സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടാനുള്ള മികച്ച വേദിയാണ് ഐഐടിഎഫ്. ഭാരത് മണ്ഡപത്തിലെ 17 എക്സിബിഷന് ഹാളുകളിലായാണ് വിപുലമായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. "
https://www.facebook.com/Malayalivartha

























