ജിഷാ കൊലക്കേസില്‍ കുളിക്കടവിലെ തര്‍ക്കം കെട്ടുകഥയെന്ന് എസ്പി, പ്രതിക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുണ്ട്

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജ വ്യക്തമാക്കി. പ്രതി ലൈംഗിക വൈകൃതമുള്ളയാളാണ്. ബലാല്‍സംഗ ശ്രമം എതിര്‍ത്തപ്പോഴാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്കായിരുന്നു. പ്രതിക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുണ്ട്. പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരെ ശാസ്ത്രീയ തെളിവുകളിലൂന്നിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
കേസില്‍ ആകെ 165 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, അന്യായമായി തടഞ്ഞ് വയ്ക്കല്‍, ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത നാലാമത്തെ വിരലടയാളം പഴകിയതാണ്. അത് മുമ്പെങ്ങോ വീട്ടില്‍ വന്നയാളുടേതാണ്. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി. കൊലപാതകം നടന്ന ദിവസം ജിഷ വീട്ടില്‍ നിന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്. പുറത്ത് പോയി ഭക്ഷണം കഴിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബാക്കിയുള്ളതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്.
ജിഷ വാങ്ങിയെന്ന് പറയുന്ന പെന്‍ക്യാമറയില്‍ നിന്ന് പൊലീസിന് ഒരു ദൃശ്യവും ലഭിച്ചിട്ടില്ല. പല്ലിന് വിടവുള്ള ആളാണ് കൊലപാതകിയെന്നത് തെറ്റായ നിഗമനമായിരുന്നു. വസ്ത്രങ്ങള്‍ കൂട്ടിക്കടിച്ചപ്പോഴുണ്ടായ പാടാണ് തെറ്റിദ്ധരിക്കപ്പെട്ടത്. കൃത്യത്തിനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കത്തിയില്‍ ജിഷയുടെ ഡി.എന്‍.എയുടെ തെളിവ് ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ കത്തി പ്രതി അമീറുല്‍ ഇസ്ലാമിന്റെ കൈവശമുണ്ടായിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം ട്രെയിനില്‍ നിന്നും പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് അത് ലഭിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷ കൊലപാതത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എസ്.പി ഉണ്ണിരാജ.
കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിര്‍ഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്‌ലാം പിടിയിലായത്. കുറുപ്പംപടി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha

























