കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് കൂട്ടാന്‍ പദ്ധതിയിടുന്നു

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറു രൂപയില്‍ നിന്ന് ഏഴുരൂപയാക്കാന്‍ ആലോചന. ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നിരക്കു വര്‍ധനയ്ക്ക് ആലോചിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ ഏഴു രൂപയായിരുന്ന നിരക്കാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച് ആറാക്കിയത്. നിരക്കു കുറച്ചത് നിയമവിധേയമായല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ ഭാഗമായി കുറച്ച നിരക്ക് നിലനിര്‍ത്തുകയായിരുന്നു.
യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്കു കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന കണ്ടെത്തലിലാണ് എത്തിയത്. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതു വിശദമായ പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറു രൂപയായി കുറച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ഉപസമിതി വിലയിരുത്തുന്നത്. പെട്ടെന്നുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയുണ്ടാക്കിയതായും ഉപസമിതി വിലയിരുത്തുന്നു.
ഫെബ്രുവരി ആദ്യം ചേര്‍ന്ന യുഡിഎഫ് മന്ത്രിസഭായോഗമായിരുന്നു കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയില്‍ നിന്ന് ആറുരൂപയായി കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷനോടും ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും അതു നടപ്പായില്ല. ഗതാഗത മന്ത്രി സ്വകാര്യ ബസുടമകളുമായി ചര്‍ച്ച നടത്തി നിരക്ക് വര്‍ധിപ്പിക്കുന്നതിനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് ഇടയ്ക്കു വച്ച് മുടങ്ങുകയായിരുന്നു.
ഡീസലിന്റെ വില കുറഞ്ഞതാണ് അന്നു നിരക്കു കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വകാര്യബസുകള്‍ ചാര്‍ജ് കുറയ്ക്കല്‍ നടപ്പാക്കിയതുമില്ല. കെ.എസ്.ആര്‍.ടി.സി ബസുകളുടെ നാലിരട്ടിയിലധികം ബസുകളാണ് സ്വകാര്യ മേഖലയില്‍ സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം യാത്രികര്‍ക്കും നിരക്കു കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതുമില്ല.
മിനിമം ചാര്‍ജ് കുറയ്ക്കുന്ന സമയത്ത് ഡീസല്‍ വില ലിറ്ററിന് 47.50 രൂപയായിരുന്നു. ഇതിനുശേഷം 10 തവണയോളം ഡീസല്‍ വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് കുറച്ചതിലൂടെ പ്രതിമാസം ഏഴു കോടിയോളം രൂപ നഷ്ടം വരുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്.
https://www.facebook.com/Malayalivartha

























