പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം... കോഴിക്കോട് പശുക്കടവിലെ മലവെള്ളപ്പാച്ചില്‍ കാണാതായ ആറുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

കോഴിക്കോട് കുറ്റിയാടിക്കു സമീപം പശുക്കടവ് തൃക്കണ്ടൂര്‍ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി കാണാതായ ആറു പേരില്‍ ഒരാളെ രക്ഷിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളെയാണ് കാണാതായത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ നേരത്തെ തന്നെ രക്ഷപ്പെടുത്തി. മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ഡിവൈഎഫ്‌ഐ കോതോട് യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും സംഭവസ്ഥലത്ത് എത്തി.
പൂഴിത്തോട് ജലവൈദ്യുതി പദ്ധതിക്കു സമീപമുള്ള കനാല്‍ തീരത്ത് ഇരിക്കുമ്പോഴാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഈ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ വെള്ളത്തില്‍ ഒന്‍പതു പേരും വീണു. കാണാതായവര്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പരിസരവാസികളാണ്.
https://www.facebook.com/Malayalivartha