സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തളളി: രമയുടെ സമരം നാലാം ദിവസത്തിലേക്ക്

ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷണത്തിന് വിടാന്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിക്കളഞ്ഞ ആര്‍ .എം.പി നേതാവ് കെ.കെ രമ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. രമയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഡോക്ടര്‍മാര്‍ രമയെ പരിശോധിച്ചു. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടന്നെങ്കിലും രമ നിരസിക്കുകയായിരുന്നു.
സിബിഐ അന്വേഷണമെന്ന രമയുടെ ആവശ്യം തത്വത്തില്‍ അംഗീകരിക്കുന്നുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് കൈമാറാന്‍ സമയം വേണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആര്‍ .എം.പി നേതാക്കളുമായി വൈകുന്നേരം 6 മണിയോടെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം രാത്രി വൈകി ചേര്‍ന്ന ആര്‍ .എം.പിയുടെ നേതൃത്വയോഗം സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന നിലപാടിലെത്തിച്ചേരുകയായിരുന്നു. വിജയം കാണും വരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സര്‍ക്കാരിന്റെ അപേക്ഷ സ്‌നേഹപൂര്‍വ്വം തള്ളുന്നുവെന്ന് ആര്‍ .എം.പി നേതാവ് എന്‍. വേണു പറഞ്ഞു.
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ല. ടി പി കൊലക്കേസിലെ എല്ലാ ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്. രമയുടെ ആവശ്യത്തോട് യോജിപ്പുണ്ടെങ്കിലും നിയപരവും ഭരണഘടനാപരവും വ്യവസ്ഥാപിതവുമായ രീതിയില്‍ മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവൂ എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രമയുടെ പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരപന്തല്‍ കെട്ടിയതിന് രമക്കും ആര്‍ .എം.പി നേതാക്കള്‍ക്കുമെതിരെ പോലിസ് കേസെടുത്തു. സമരപന്തല്‍ കെട്ടയെന്നും വഴിതടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഐപിസി 143, 147, 149 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ക്രൈം നമ്പര്‍ 268/2004 പ്രകാരമാണ് കേസ്.
https://www.facebook.com/Malayalivartha