സി.ബി.ഐ അന്വേഷണത്തിന് തത്വത്തില്‍ അംഗീകാരം: കെ കെ രമ നിരാഹാരസമരം അവസാനിപ്പിച്ചു

ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ഏത് അന്വേഷണം നടത്തുന്നതിനും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രമെ അന്വേഷണം നടത്തുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ടി.പിയുടെ ഭാര്യ കെ കെ രമ അഞ്ചു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ ഈ മാസം മൂന്നു മുതലായിരുന്നു രമ സമരം തുടങ്ങിയത്.
മാദ്ധ്യമ പ്രവര്‍ത്തകാനായ ബി.ആര്‍.പി ഭാസ്‌കര്‍ നല്‍കിയ നാരങ്ങനീര് കുടിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം വിജയിപ്പിച്ചതില്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും രമ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്‌ക്ക് എടുക്കുന്നതായി ആര്‍.എം.പി നേതാവ് എന്‍.വേണു പറഞ്ഞു. സിബിഐ അന്വേഷണത്തിനുള്ള സാങ്കേതികമായും നിയമപരമായുമുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍.വേണു കൂട്ടിച്ചേര്‍ത്തു.
സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് രമയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha