ജലഗതാഗതത്തിന് പുതുചരിത്രം; ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് 'ആദിത്യ' യാത്രക്കൊരുങ്ങി

ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് കൈതപ്പുഴ കായലിലെ ഓളപരപ്പിലൂടെ കുതിച്ചുപാഞ്ഞു. ജല ഗതാഗത രംഗത്തു പുതിയ കാല്‍വെപ്പിനു തുടക്കമിട്ട സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന്. രാജ്യത്തെ ആദ്യ സോളര്‍ ബോട്ട് 'ആദിത്യ'യുടെ ട്രയല്‍ റണ്ണിനു നേതൃത്വം നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരിട്ടെത്തി. ജല ഗതാഗത വകുപ്പിനു വേണ്ടി നിര്‍മിച്ച ഈ സൗരോര്‍ജ ബോട്ട് തവണക്കടവ്‌വൈക്കം റൂട്ടില്‍ ഈ മാസം മുതല്‍ ഓടിത്തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടകന്‍.
അരൂരിലെ നിര്‍മാണ യൂണിറ്റില്‍ നിന്നായിരുന്നു ബോട്ടിന്റെ കന്നിയാത്ര. 75 യാത്രികരെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടിന് നാല് ബസിന്റെ വലിപ്പം വരും. ഫൈബര്‍ ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മ്മിതി. ഏഴ് മീറ്റര്‍ വീതിയും ഇരുപത് മീറ്റര്‍ നീളവുമുണ്ട്. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 7.5 നോട്ടിക്കല്‍ ആണ് വേഗത. മലയാളിയായ സന്തിത് തണ്ടാശേരിയാണ് നിര്‍മാതാവ്. ഇന്‍ഡോ ഫ്രഞ്ച് സംരംഭമായ നവാള്‍ട്ടിന്റെ മാനേജിങ് ഡയറക്ടറായ സന്തിത് മികച്ച ഷിപ്പ് ഡിസൈനറാണ്. ആറു മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ ആദിത്യക്ക് കഴിയും. കൂടുതല്‍ ശക്തമായ ബാറ്ററി ഉപയോഗിച്ചാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും പ്രയോജനപ്പെടുത്താം. അന്തരീക്ഷ, ജല, ശബ്ദ മലിനീകരണമില്ല, യാത്രയില്‍ വൈബ്രേഷന്‍ അനുഭവപ്പെടില്ലെന്നും സന്തിത് പറഞ്ഞു. ബോട്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുത്തു.
മലിനീകരണമുണ്ടാക്കുന്ന ഡീസല്‍ എഞ്ചിനുകളില്‍ നിന്നു പരിസ്ഥിതി സൗഹാര്‍ദ്ദവുമായ സോളര്‍ യാത്രാ ബോട്ടുകളിലേക്കുള്ള തുടക്കമാണിതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ അന്‍പതോളം സൗരോര്‍ജ യാത്രാ ബോട്ടുകള്‍ ഇറക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. സൗരോര്‍ജ ബോട്ട് സര്‍വീസ് ലാഭകരമായാല്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഴുവന്‍ സര്‍വീസുകളും സൗരോര്‍ജ ബോട്ടുകളാക്കുമെന്നു മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha