കപ്പല്‍ അഴിമതി ഇടപാടില്‍ ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കും

മണ്ണുമാന്തി കപ്പല്‍ ഇടപാടിലൂടെ സര്‍ക്കാരിനു 10 കോടി രൂപയുടെ നഷ്ടംവരുത്തിയ തുറമുഖ ഡയറക്ടറും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ വകുപ്പില്‍ നടന്ന അഴിമതിയില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. കോടികളുടെ ഇടപാടിനെക്കുറിച്ചു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും.
മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇടപാടിനു ചുക്കാന്‍ പിടിച്ച ഇടനിലക്കാരനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ കെ.എം. ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിലുണ്ട്. 140ല്‍ ഏറെ പേജ് വരുന്ന റിപ്പോര്‍ട്ടില്‍ അഴിമതിവിരുദ്ധ മുഖച്ഛായ സൃഷ്ടിക്കുകയല്ല, മറിച്ച് അഴിമതി ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറയുന്നു. നൂറില്‍പരം തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. വാങ്ങിയ മുങ്ങിക്കപ്പലിനു മൂന്നുവര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി നടത്തുമെന്നു കാണിച്ചാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ടെന്‍ഡര്‍ തള്ളി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ ഉറപ്പിച്ചത്. കേരളത്തിലെ ഇ-ടെന്‍ഡര്‍ സൈറ്റിനെ ഒഴിവാക്കി ഗുജറാത്തില്‍നിന്നുള്ള ടെന്‍ഡര്‍ സൈറ്റിലാണു മണ്ണുമാന്തിക്കപ്പലിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇടനിലക്കാരനു ജേക്കബ് തോമസ് അയച്ചതായി പറയുന്ന ഇ-മെയില്‍ സന്ദേശങ്ങളും ധനകാര്യ വിഭാഗം പിടിച്ചെടുത്തിരുന്നു. പതിമൂന്നിലധികം കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഹോളണ്ടിലെ ഐ.എസ്.സി. ബേവര്‍ കന്പനിയില്‍നിന്നു മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. അറ്റകുറ്റപ്പണികള്‍ കുറവായ കപ്പലാണെന്നു പറഞ്ഞു കൂടിയ നിരക്കില്‍ വിദേശ കന്പനിയുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, കപ്പല്‍ നല്‍കിയശേഷം കന്പനി പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയതുമില്ല. രണ്ടു വര്‍ഷംമുന്പാണ് ഇടപാട് ഉറപ്പിച്ചത്. മണ്ണുമാന്തിക്കപ്പല്‍ കേടായപ്പോള്‍ തുറമുഖവകുപ്പില്‍നിന്ന് അറിയിപ്പുണ്ടായിട്ടും ആരും എത്തിയില്ല. എന്നാല്‍, കരാര്‍ നല്‍കിയ ഇന്ത്യന്‍ കന്പനിയായ ബെല്‍വെല്‍, കുറഞ്ഞ നിരക്കില്‍ കപ്പല്‍ നല്‍കാമെന്നും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറയ്ക്കാമെന്നും അറിയിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
കപ്പല്‍ വാങ്ങുന്നതില്‍ ഇടനിലനിന്ന വ്യക്തിക്ക് ജേക്കബ് തോമസ് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് കെ.എം. ഏബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ അവിഹിത സ്വത്ത് സന്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha