സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചെന്നൈ എം.ഐ.ഒ.പി. ആശുപത്രിയലായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌ക്കാരം വെള്ളിയാഴ്‌ച രാവിലെ 9-ന് ചെന്നൈയില്‍ ബസന്റ് നഗറിലെ പൊതുശ്‌മശാനത്തില്‍ നടക്കും.
65 ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ കോഴിക്കോട്ടുകാരനായ രഘുകുമാര്‍ തബലിസ്റ്റായാണ് സംഗീതലോകത്തേക്കുള്ള വരവ്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളത്തിലെ ജനപ്രിയനായ സംഗീത സംവിധായകരില്‍ ഒരാളായിരുന്നു രഘുകുമാര്‍ . 1979ല്‍ ഈശ്വര ജഗദീശ്വര ആയിരുന്നു ആദ്യചിത്രം.
താളവട്ടം, ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍, ചെപ്പ്, ബോയിംഗ് ബോയിംഗ്, മായാമയൂരം, വിഷം, വന്ദനം, ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, ആമിനാ ടൈലേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. താളവട്ടത്തിലെ 'പൊന്‍വീണേ എന്നുള്ളില്‍', 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന' തുടങ്ങിയ ഗാനങ്ങളും മായാമയൂരത്തിലെ 'കൈക്കുടന്ന നിറയെ' ശ്യാമയിലെ 'ചെമ്പരത്തിപ്പൂവേ ചൊല്ലൂ' എന്നീ ഗാനങ്ങളുമെല്ലാം മലയാളി എന്നും ഓര്‍മിക്കുന്നവയാണ്. 2011-ല്‍ പുറത്തിറങ്ങിയ 'കളക്‌ടര്‍' എന്ന ചിത്രത്തിനാണ് അദ്ദേഹം അവസാനം സംഗീതം നിര്‍വ്വഹിച്ചത്.
അവസാന കാലത്തും ആകാശവാണിയിലും മറ്റുമായി സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. ഭാര്യ: ഭവാനി, മക്കള്‍: ഭാവന, ഭവിത
https://www.facebook.com/Malayalivartha