എല്ലാ ജീവിതപ്രശ്‌നങ്ങള്‍ക്കിടയിലും മനോധൈര്യം മാത്രം കൈമുതലാക്കിയ നൈസി നാട്ടുകാര്‍ക്ക് എന്നും അത്ഭുതം: പിതാവിന്റെ ഘാതകനെ കണ്ടെത്തിയതും നൈസിയുടെ മിടുക്കില്‍

ആത്മഹത്യയുടെ വക്കില്‍ നിന്നും സ്വന്തം കുടുംബത്തെയും മറ്റൊരു കുടുംബത്തെയും രക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഇവളെ കണ്ടുപഠിക്കണം പെണ്‍കുട്ടികള്‍. സുഹൃത്തിന്റെ ഭര്‍ത്താവിന് വൃക്ക നല്‍കിയും നൈസി മാതൃകയായി നൈസി ഇന്ന് എല്ലാവര്‍ക്കും വിസ്മയമാണ്. എട്ട് വര്‍ഷം മുന്‍പ് പിതാവിന്റെ തിരോധാനത്തിന് ശേഷം രണ്ടു അനുജത്തിമാരും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ അവള്‍ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തുകയായിരുന്നു. തന്റെ ചെറിയ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടുനീക്കുമ്പോഴും പിതാവ് എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു അവള്‍. ഇങ്ങനെ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്ന വിവരം നൈസി അറിയുന്നത്. എട്ട് വര്‍ഷം മുന്‍പ് കാണാതായ പിതാവിന്റെ കൊലയാളിയെക്കുറിച്ച് അറിഞ്ഞിട്ടും മനസാന്നിധ്യം കൈവിടാതെ നൈസി വിവരം പോലീസിന് കൈമാറുകയായിരുന്നു. ഇതോടെയാണ് നൈസിയുടെ പിതാവ് തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത ലോകമറിഞ്ഞത്. മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയ സ്ഥലത്ത് രാവിലെ പോലീസ് പരിശോധന തുടങ്ങിയപ്പോഴും എല്ലാം ഉള്ളിലൊതുക്കി നൈസി അവിടെയുണ്ടായിരുന്നു. കേസിലെ പ്രതിയായ അനീഷിന്റെ പിതാവ് വാസുവാണ് നൈസിയോട് കൊലപാതക വിവരം പറയുന്നത്. നൈസിയുടെ വീട്ടിലെത്തി നേരിട്ട് വാസു വിവരങ്ങള്‍ പറയുകയായിരുന്നു. പിന്നീട് അവള്‍ വാസുവിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിക്കുകയും കോള്‍ റിക്കാര്‍ഡ് ചെയ്ത് പോലീസിന് കൈമാറുകയുമായിരുന്നു. നൈസിയുടെ പരാതിയും ഫോണ്‍ സംഭാഷണവും ലഭിച്ച ശേഷമാണ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യം പരസ്യമായത്.
സാമ്പത്തിക ഇടപാടുകളാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്. കൊല്ലപ്പെട്ട മാത്യുവും പ്രതിയായ അനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ അനീഷിന്റെ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതിയായ അനീഷ് പറഞ്ഞ കെട്ടിടത്തില്‍ മുമ്പ് സ്റ്റിക്കര്‍ വര്‍ക്ക് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കെട്ടിടം പുതുക്കി പണിതത്. അതിനു ശേഷമാണ് അനീഷ് കള്ളനോട്ട് കേസില്‍ പോലീസ് പിടിയിലാകുന്നത്.
ജീവിതദുരിതങ്ങള്‍ക്കിടയിലും തന്റെ സുഹൃത്തിന്റെ ഭര്‍ത്താവിന് വൃക്ക നല്‍കാന്‍ നൈസി കാണിച്ച ധൈര്യം ഇന്നും അത്ഭുതമാണ്. എറണാകുളത്ത് തന്റെ സഹപ്രവര്‍ത്തകയായിരുന്ന റെജിയുടെ ഭര്‍ത്താവ് ജോണ്‍സണാണ് നൈസി വൃക്ക ദാനം ചെയ്തത്. ഇരു വൃക്കകളും തകരാറിലായി മരണത്തെ മുന്നില്‍ കണ്ട ജോണ്‍സണ് തന്റെ വൃക്ക നല്‍കാന്‍ നൈസി സ്വയം സന്നദ്ധയാവുകയായിരുന്നു. അവയവദാനം ചെയ്തിട്ടും ഇക്കാര്യം നൈസി ആരോടും പറഞ്ഞില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പരസ്യമായതോടെ ഡിവൈഎഫ്‌ഐ നൈസിക്ക് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha