നോട്ടു പ്രതിസന്ധി രൂക്ഷമാകുന്നു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേയ്ക്ക്

നോട്ട് പ്രതിസന്ധിയ്ക്കിടയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇതിന് ഈമാസംതന്നെ ട്രഷറികളില്‍ അക്കൗണ്ട് എടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുമെന്നാണ് ലഭിച്ച നിര്‍ദ്ദേശം. ശമ്പളംകൂടി ട്രഷറിയിലേക്ക് മാറ്റുന്നത് പ്രയാസം രൂക്ഷമാക്കുമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു.
ട്രഷറിയിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് നടപടി തുടരവെയാണ് നോട്ട് അസാധുവാക്കല്‍ വന്നത്. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പെന്‍ഷന്‍കാരുടെ വലിയ ക്യൂവാണ് ഇത്തവണ ട്രഷറിയിലുണ്ടായത്. നോട്ട് പ്രതിസന്ധി തുടരുന്നിടത്തോളം കാലം ട്രഷറിയില്‍ തിരക്കുണ്ടാകും. ഇതിനിടെ, ശമ്പളക്കാര്‍കൂടി ട്രഷറിയിലേക്ക് വരുന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുമെന്നാണ് ആക്ഷേപം.
അതേസമയം, ശമ്പളം ട്രഷറി വഴിയാക്കിയാല്‍ പണം ഒന്നിച്ച് പിന്‍വലിക്കുന്നത് ഒഴിവാകും. ട്രഷറിയില്‍ എപ്പോഴും പണം ലഭ്യമാകും. ട്രഷറി കാലിയാകുന്ന സ്ഥിതി വരില്ല. ലഭിക്കുന്ന ശമ്പളം അപ്പാടെ ജീവനക്കാര്‍ പിന്‍വലിക്കില്ല. ട്രഷറിയിലെ പണ പ്രതിസന്ധി ഒഴിവാകുകയും ചെയ്യും. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്തും ഇതിന് നടപടി ആരംഭിച്ചിരുന്നു. അന്ന് പൂര്‍ത്തിയായില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം ബാങ്കുവഴിയാക്കുകയായിരുന്നു. ഇതാണ് വീണ്ടും ട്രഷറിയിലേക്ക് മാറ്റുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളവും ട്രഷറി വഴിയാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
നോട്ട് പ്രതിസന്ധി മാറുന്നതുവരെ നടപടി നീട്ടണമെന്ന ആവശ്യം ഒരുവിഭാഗം ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. ശമ്പളക്കാരും പെന്‍ഷന്‍കാരും ഒരുപോലെ എത്തിയാല്‍ ട്രഷറികള്‍ക്ക് പ്രയാസമാകുമെന്നാണ് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha