ആറന്മുള വിമാനത്താവളം; റിപ്പോര്‍ട്ടുകളും രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവന്‍ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഉത്തരവ്. പദ്ധതിക്ക് അനുമതി നല്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി സര്‍ക്കാരിനോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
ആറന്മുള കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏതെല്ലാം രേഖകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് നിര്‍മ്മാണ അനുമതി നല്‍കിയത് എന്നു വ്യക്തമാക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും രേഖകള്‍ സമര്‍പ്പിക്കണം. മാര്‍ച്ച് 10നു മുമ്പ് രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം.
അഭിഭാഷക കമ്മീഷന്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്ന് കെ.ജി.എസ് ഗ്രൂപ്പ് ആരോപിച്ചു. കമ്മീഷനെ നിയോഗിച്ചത് കോടതിയാണെന്നും കോടതിയെ സഹായിക്കുകയാണ് കമ്മീഷന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.
പദ്ധതിക്ക് അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും വ്യക്തമാക്കി. എന്നാല്‍ തത്വത്തില്‍ മാത്രമാണ് അനുമതി നല്‍കിയതെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ പത്തു ശതമാനം ഓഹരിയെടുത്തതെന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരല്ലേ, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരല്ലേ എന്ന ചോദ്യത്തിനും സര്‍ക്കാര്‍ അഭിഭാഷകന് മറുപടിയുണ്ടായില്ല.
അതേസമയം ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌ത വ്യക്തത വരുത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫിന്റെ നിലപാട് അനുസരിച്ചാണ് ഇതുവരെ നിലപാടുകള്‍ എടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha