വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണു മരിച്ചത് കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമാണെന്ന സൂചനയില്‍ സഹയാത്രികനായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി ഉല്ലാസ് മരിച്ച സംഭവത്തിലാണ് കൊല്ലം ആശ്രാമം സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ കണ്ണൂര്‍ കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസം മുമ്പ് കണ്ണൂരില്‍ കണ്ണപുരത്തിനും പയ്യന്നൂരിനും ഇടയ്ക്ക് ഉല്ലാസ് ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണു മരിച്ച സംഭവമാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് നീങ്ങുന്നത്.
വീണു പരിക്കേറ്റ ഉല്ലാസിനെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ഉല്ലാസ് മരിച്ചതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സാക്ഷി എന്ന നിലയില്‍ ഈ യുവാവിനെ കണ്ണപുരം പൊലീസ് മൊഴി എടുക്കാന്‍ ബന്ധപ്പെട്ടു. സഹകരിക്കാതെ ഒളിവില്‍ പോയതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമാക്കിയതോടെ ഉല്ലാസിന്റെ വീട്ടുകാര്‍ക്കും സംശയങ്ങളുണ്ടായി. കൊല്ലത്തും നിരീക്ഷണം ശക്തമാക്കിയ കണ്ണപുരം പൊലീസ് സംഭവത്തിന് ശേഷം ആദ്യമായി ഈ യുവാവ് ഇന്നലെ കൊല്ലത്തെ വീട്ടിലെത്തിയപ്പോള്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നു. ഇത്രയും നാള്‍ അയാള്‍ ഗോവയിലായിരുന്നു കഴിഞ്ഞത്. ഇന്ന് രാവിലെ കണ്ണപുരം പൊലീസെത്തി കൂട്ടി കൊണ്ടു പോയി. കൂടുതല്‍ വെളിപ്പെടുത്തല്‍ പൊലീസ് നടത്തിയില്ല.എങ്കിലും 75 ശതമാനത്തോളം തെളിവുകളും ഇയാള്‍ക്ക് എതിരാണെന്ന് കണ്ണപുരം എസ് ഐ പി.എ ഫിലിപ്പ് പറഞ്ഞു.ചോദ്യം ചെയ്യലിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബോധപൂര്‍വം കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ ഉല്ലാസിനെ ആശുപത്രിയിലെത്തിച്ചതും ഒപ്പം നിന്ന് പരിചരിച്ചതും ഈ യുവാവാണെന്നും ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ഉല്ലാസ് അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും, കോടതിയില്‍ ഹാജരാക്കാതെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഒന്നിച്ചുണ്ടായിരുന്ന കാര്യം മറച്ചുവെച്ചത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























