കൊച്ചി മെട്രോയുടെ നിയന്ത്രണം ഇവരുടെ കരങ്ങളില്‍; ആത്മവിശ്വാസത്തോടെ ട്രെയിന്‍ ഓപ്പറേറ്റേഴ്‌സായ ഗോപികയും വന്ദനയും

കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കണ്ട് മെട്രോയില്‍ യാത്ര ചെയ്യുക എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ഗോപികയ്ക്കും വന്ദനയ്ക്കും. എന്നാല്‍ കൊച്ചി മെട്രോയുടെ നിയന്ത്രണം തന്നെ ഈ വളയിട്ട കൈകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ടന്ന പരസ്യം കണ്ടാണ് ഇരുവരും അപേക്ഷ നല്‍കിയത്. പിന്നീട് എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും ഇന്റര്‍വ്യുവും വിജയിച്ച് ട്രെയിനിയായി ജോലി നേടി.
ഇപ്പോള്‍ കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടങ്ങിയതോടെ മെട്രോയുടെ പൈലറ്റുമാരാണ് കൊല്ലം സ്വദേശിനി ഗോപിക സന്തോഷും കോട്ടയം, വൈക്കം സ്വദേശിനി വി.എസ്. വന്ദനയും. ഏഴു പെണ്‍കുട്ടികളടക്കം 39 പേരാണ് കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരായുള്ളത്. ട്രെയിന്‍ ഓടിച്ച് മുന്‍പരിചയമില്ലാത്തവരായ ഇവര്‍ക്ക് ബംഗളൂരു മെട്രോയില്‍ മൂന്നു മാസത്തെ പരിശീലനം നല്‍കുകയും ചെയ്തു. കൊച്ചി മെട്രോ ട്രയല്‍ സര്‍വീസ് തുടങ്ങിയതു മുതല്‍ ഇവരാണ് സാരഥികള്‍.
മുട്ടം യാഡില്‍ സ്ഥാപിച്ചിട്ടുള്ള കണ്‍ട്രോള്‍ സെന്ററിലെ കമ്യൂണിക്കേഷന്‍ ബെയ്‌സ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (സി.ബി.ടി.സി) അനുസരിച്ചാണ് ട്രെയിനുകള്‍ ഓടുന്നത്. ഇതുപ്രകാരം ഡ്രൈവര്‍മാരുടെ ആവശ്യമില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഇവര്‍ ഡ്രൈവിങ് സീറ്റിലുണ്ടാകും. ഇതുവരെ 700 കിലോ മീറ്റര്‍ തനിയെ ഓടിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ തങ്ങള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് ഗോപികയും വന്ദനയും പറഞ്ഞു.
ബാംഗളൂരുവില്‍നിന്നു ലഭിച്ച പരിശീലനം ഏറെ മികച്ചതായിരുന്നു. യാതൊരു മുന്‍പരിചയവുമില്ലാതെ ചെന്ന തങ്ങള്‍ക്ക് അവിടെനിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. എട്ടു മണിക്കൂറാണ് ജോലി സമയം. ഒരു ട്രെയിനില്‍ ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലാണ് കൊച്ചി മെട്രോയുടെ സംവിധാനങ്ങള്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വീസിന് മുമ്പായുള്ള പരീക്ഷണ ഓട്ടത്തില്‍ വേഗം 80 കിലോമീറ്ററാണ്.
നന്നായി ആസ്വദിച്ചാണ് ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് ഗോപികയും വന്ദനയും പറഞ്ഞു. ഇവരെക്കൂടാതെ കൊല്ലം സ്വദേശിനികളായ സി. ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനി കെ.ജി. നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ.കെ. അഞ്ജു എന്നിവരാണു കൊച്ചി മെട്രോയുടെ വനിതാ സാരഥികള്‍.
https://www.facebook.com/Malayalivartha























