പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയ്ക്ക് ജനനേന്ദ്രിയം മുറിച്ചെടുത്ത് സമ്മാനമായി നല്‍കി വിദ്യാര്‍ത്ഥിനി

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. തിരുവനന്തപുരത്തെ പേട്ടയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിക്കാണ് ജനനേന്ദ്രീയം നഷ്ടമായത്. ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഇയാളുടെ ജനനീന്ദ്രീയം പെണ്‍കുട്ടി മുറിക്കുകയായിരുന്നു. ഗംഗാ ശാശ്വത സ്വാമിയെന്നാണ് ശ്രീഹരിയെ അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായ ഇയാള്‍ ഇന്നലെ രാത്രി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതി വച്ച കത്തി ഉപയോഗിച്ച് പെണ്‍കുട്ടി ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു.
ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ തുടരുന്ന ശ്രീഹരിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടി അക്രമിയെ ചെറുക്കാനാണ് ശ്രമിച്ചതെന്നാണ് മനസിലായതെന്നും അതുകൊണ്ട് തന്നെ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























