സര്‍ക്കാര്‍ സൈറ്റുകളില്‍ 'കൈവെച്ചത്' 60 ഹാക്കര്‍മാര്‍

അന്താരാഷ്ട്ര ഹാക്കര്‍മാര്‍ കേരള സര്‍ക്കാറിന്റെ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമം തുടരുന്നു. രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ 60ഓളം വെബ്‌സൈറ്റുകളാണ് കൈയേറാനും വികൃതമാക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചത്. സംസ്ഥാന ഡാറ്റാ സന്റെറിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സൈറ്റുകളിലാണ് അട്ടിമറിശ്രമങ്ങള്‍ നടന്നത്. സൈബര്‍ മേഖലയില്‍ ഭീതിപടര്‍ത്തുന്ന വാണാക്രൈ വൈറസുകള്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കമ്ബ്യൂട്ടര്‍ ശൃംഖലയെ ബാധിച്ചില്ലെങ്കിലും വെബ്‌സൈറ്റുകള്‍ക്ക് നേരെയുള്ള ഹാക്കര്‍മാരുടെ ആക്രമണം ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. വെബ്‌സൈറ്റിനുള്ളില്‍ നുഴഞ്ഞുകയറി യഥാര്‍ഥ വെബ്‌സൈറ്റിന് പകരം അതേ വെബ് അഡ്രസില്‍ തങ്ങളുടെ വെബ്‌പേജ് സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് (ഡീഫെയസിങ്) കൈയേറ്റങ്ങളില്‍ അധികവും നടന്നത്.
വെബ്‌സൈറ്റിന് താങ്ങാവുന്നതില്‍ കൂടുതല്‍ സന്ദര്‍ശനങ്ങളും ഇടപെടലുകളും കൃത്യമായി സൃഷ്ടിച്ച് ഉപഭോക്താക്കള്‍ക്ക് സൈറ്റ് ലഭ്യമാകാതിരിക്കാന്‍ ഡോസ് (ഡിനയല്‍ ഓഫ് സര്‍വിസ് അറ്റാക്ക്), ഡിഡോസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വിസ് അറ്റാക്ക്) രീതിയിലും ആക്രമണങ്ങള്‍ നടന്നതായി സൈബര്‍ വിദഗ്ധര്‍ പറയുന്നു. വെബ്‌സൈറ്റുകളുടെ ഉള്ളടക്ക ക്രമീകരണത്തിന് ഓപണ്‍ സോഴ്‌സ് ഫ്രയിംവര്‍ക്കുകള്‍ ഉപയോഗിച്ചിട്ടുള്ള വെബ്‌സൈറ്റുകളിലും കൈയേറ്റം നടന്നിട്ടുണ്ട്.
വെബ്‌സൈറ്റുകള്‍ തയാറാക്കിയശേഷം ഉള്ളടക്കം കൃത്യമായി മാറ്റാറുണ്ടെങ്കിലും സൈറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ സമയബന്ധിതമായി പരിഷ്‌കരിക്കാത്തതാണ് സൈബര്‍ അക്രമങ്ങള്‍ക്കുള്ള പ്രധാന കാരണമായി െഎ.ടി മിഷന്‍ വിലയിരുത്തുന്നത്. വെബ്‌സൈറ്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് ഡാറ്റാ സെന്റെറിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇത് പാലിക്കാത്ത സൈറ്റുകള്‍ പിന്‍വലിക്കാനുള്ള അധികാരം ഐ.ടി മിഷന്‍ ഡയറക്ടര്‍ക്കുണ്ട്. വാണാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാനാണ് ഐ.ടി മിഷന്റെ തീരുമാനം.
https://www.facebook.com/Malayalivartha























