സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ പൂട്ടിയ ബാറുകള്‍ ഉപാധികള്‍ക്ക് വിധേയമായി തുറന്നേക്കും

ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ളവ ആദ്യഘട്ടത്തില്‍ തുറക്കണമെന്ന നിര്‍ദ്ദേശമാണ് പരിഗണനയില്‍. എക്‌സൈസ് വകുപ്പിന്റെ ധനാഭ്യര്‍ത്ഥനചര്‍ച്ചയ്ക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും ഈ സൂചനയാണ് നല്‍കുന്നത്.
സി.പി.എം ട്രേഡ് യൂണിയന്‍ നേതാക്കളുടെയും മദ്യമേഖലയുമായി ബന്ധപ്പെട്ടവരുടെയും യോഗം 23ന് എ.കെ.ജി സെന്ററില്‍ വിളിച്ചിട്ടുണ്ടെന്നറിയുന്നു. ബാറുകള്‍ തുറക്കുന്നതടക്കം പുതിയ മദ്യനയത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. തുടര്‍ന്നാവും പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ആലോചിക്കുക. മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നാണ് മന്ത്രി രാമകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കിയത്. അതേസമയം, മദ്യഷാപ്പുകള്‍ പൂട്ടിയത് കൊണ്ട് മാത്രം മദ്യത്തിന്റെ ഉപഭോഗം തടയാനാവില്ലെന്ന മന്ത്രിയുടെ പരാമര്‍ശവും ശ്രദ്ധേയമാണ്.
2011 മാര്‍ച്ചില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകള്‍ അതേ പോലെ നിലനിറുത്താനുള്ള നടപടി കൈക്കൊള്ളണമെന്ന അഭിപ്രായമാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. തൊഴിലാളി സംഘടനാ നേതാക്കളുടെ അനൗപചാരിക ചര്‍ച്ചയും ഇതിനിടയില്‍ നടന്നു. ലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവും വന്‍തോതില്‍ കൂടിയതായി എക്‌സൈസ് കമ്മിഷണറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ബാറുകള്‍ തുറക്കാന്‍ 3 കാരണങ്ങള്‍
ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് വില്പനശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള ജനകീയ പ്രശ്‌നങ്ങളും, വില്പനശാലകള്‍ക്ക് മുന്നിലെ അന്തമില്ലാത്ത ആള്‍ക്കൂട്ടവും. നിര്‍മാണ മേഖലയില്‍ ജോലിക്ക് പോകാതെ തൊഴിലാളികള്‍ തങ്ങളുടെ സംഘത്തിന് വേണ്ടി മദ്യത്തിനായി ക്യൂ നില്‍ക്കുന്ന സംഭവങ്ങളുമുണ്ട്. ബാറുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാവും.
ലഹരി വസ്തുക്കളുടെ വന്‍തോതിലുള്ള വ്യാപനവും അനധികൃത മദ്യ ഉത്പാദനവും. മുമ്പ് പുകയില ഉത്പന്നങ്ങളും കഞ്ചാവും ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, ഓപിയം തുടങ്ങിയ ലഹരി വസ്തുക്കള്‍ പടരുന്നതായാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്ത് പാടെ നിലച്ചിരുന്ന വ്യാജവാറ്റ് വീണ്ടും സജീവമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ച 34,417 ലിറ്റര്‍ വാഷും (കോട), 1337 ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് പിടി കൂടി. 1337 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി. സ്പിരിറ്റുപയോഗിച്ച് വ്യാജ വിദേശമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത ചില സംഘങ്ങളും പിടിയിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha























