വായ്പ ഒഴികെയുള്ള ഒട്ടുമിക്ക ബാങ്കിങ് സേവനങ്ങളും ഇന്ത്യപോസ്റ്റ് പേമെന്റ് ബാങ്കില്‍ ലഭിക്കും.

ഇന്ത്യന്‍ തപാല്‍വകുപ്പിന്റെ സ്വന്തം ബാങ്കായ ഇന്ത്യപോസ്റ്റ് പേമെന്റ് ബാങ്കിന്റെ (ഐ.പി.പി.ബി.) കേരളത്തിലെ ആദ്യശാഖ അടുത്തമാസം നിലവില്‍വരുന്നു. വായ്പ ഒഴികെയുള്ള ഒട്ടുമിക്ക ബാങ്കിങ് സേവനങ്ങളും ബാങ്കില്‍ ലഭിക്കും.
സെപ്റ്റംബറില്‍ രാജ്യത്തെ 650 ജില്ലകളിലും ബാങ്ക് തുടങ്ങിയിരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. പരീക്ഷണാടിസ്ഥാനത്തില്‍ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിലും ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലും ശാഖ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലുമായാണ് ആദ്യശാഖകള്‍. കേരളത്തിലെ എല്ലാ ജില്ലകളിലും മാഹിയിലും ലക്ഷദ്വീപിലെ മിനിക്കോയിലുമടക്കം കേരള സര്‍ക്കിളിനുകീഴില്‍ 16 ശാഖകള്‍ സെപ്റ്റംബറോടെ തുടങ്ങാനാണ് പദ്ധതി.
ജില്ലാ ആസ്ഥാനങ്ങളിലെ ശാഖ അതത് ജില്ലകളിലെ ഏകോപന ഓഫീസായാണ് പ്രവര്‍ത്തിക്കുക. താഴെത്തട്ടില്‍ എല്ലാ പോസ്‌റ്റോഫീസ് ശാഖകളിലും ബാങ്കിങ് സേവനം നല്‍കും.ഇതിനു വേണ്ട കംപ്യൂട്ടര്‍ ശൃംഖലകളും മറ്റും ഒരുങ്ങിവരികയാണ്.
ഫലത്തില്‍ രാജ്യത്ത് ഒറ്റയടിക്ക് 1,54,000 ബാങ്ക് ശാഖകളാണ് നിലവില്‍വരുന്നത്. അത്രയും തപാല്‍ ഓഫീസുകളുണ്ട് രാജ്യത്ത്. കേരളത്തില്‍ 5064 എണ്ണവും. കേരളത്തില്‍ മൊത്തം വാണിജ്യബാങ്ക് ശാഖകള്‍ 5984 ആണ്. സഹകരണ ബാങ്കുശാഖകള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 6917. അതിനടുത്തെത്തും തപാല്‍ വകുപ്പിന്റെ ശൃംഖല. ജില്ലാ ആസ്ഥാനത്ത് ഒരു മാനേജരും ഒരു ഡെപ്യൂട്ടി മാനേജരുമാണ് ഉണ്ടാകുക. ഈ തസ്തികയിലേക്ക് നിയമനത്തിന്റെ പരീക്ഷ നടന്നുകഴിഞ്ഞു. ഡെപ്യൂട്ടേഷനിലും ആളെ നിയമിക്കുന്നുണ്ട്.
തപാല്‍വകുപ്പില്‍ നിലവില്‍ സമ്ബാദ്യപദ്ധതിയുണ്ട്. അതിന് ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്‌റ്റ്വേറാണ് ഉപയോഗിക്കുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍വരുത്തി ബാങ്കിങ് സേവനത്തിനും ഉപയോഗിക്കാനാണ് പരിപാടി. കൗണ്ടറിലും മറ്റും വേണ്ട കംപ്യൂട്ടര്‍ സേവനം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ഒരുക്കുക. മുംബൈയിലെ കേന്ദ്രസെര്‍വറിന്റെ ചുമതല റിലയന്‍സിനാണ്.
മറ്റ് സവിശേഷതകള്‍
ഒരു അക്കൗണ്ടില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപകന് കറണ്ട് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . എ.ടി.എം. കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് നല്‍കും.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവില്ല. എ.ടി.എം., ബിസിനസ് കറസ്‌പോണ്ടന്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനം ഉണ്ടായിക്കുന്നതാണ്. മറ്റ് ബാങ്കുകളുമായി ആര്‍.ടി.ജി.എസ്./ എന്‍.ഇ.എഫ്.ടി./ഐ.എം.പി.എസ്. ഇടപാടുകള്‍ നടത്താന്‍ സാധിക്കും.കറന്റ് അക്കൗണ്ടില്‍ പരിമിതതോതില്‍ രാജ്യാന്തര ഇടപാട് നടത്താനാവും മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങിയ ആകാം.
https://www.facebook.com/Malayalivartha























