ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു വീട്ടമ്മ മരിച്ച സംഭവം ; വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ് ; നടപടി വീടിന് പുറത്തിറങ്ങിയപ്പോൾ ആരോ തീ കൊളുത്തിയെന്ന വീട്ടമ്മയുടെ മൊഴിയിൽ

മുണ്ടയാംപറന്പിൽ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. നാട്ടേല് പെരിയപ്പുറത്ത് അല്ലേഷിന്റെ ( ജോയി) ഭാര്യ മേരി (68) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വീടിന് സമീപത്തു നിന്നും കണ്ടെടുത്ത വസ്ത്രങ്ങളും ടിന്നറിന്റെ കുപ്പിയും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇരിട്ടി എസ്ഐ എം.ആർ. ബിജു, കരിക്കോട്ടക്കരി എസ്ഐ ടോണി ജെ.മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ നാലിന് പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയപ്പോൾ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരിയുടെ മൊഴി. നിലവിളി കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ജോയിയും അയല്‍വാസികളും ഓടിയെത്തുമ്പോള്‍ കഴുത്തിന് താഴേക്ക് വസ്ത്രത്തില്‍ തീപിടിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോയവരോടും ഡോക്ടറോടും തന്നെ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരി പറഞ്ഞിരുന്നത്. എന്നാല്‍ മരണ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് എത്തിയപ്പോഴേക്കും അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായതിനാൽ സാധിച്ചില്ല. മേരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സംസ്കരിച്ചു.
https://www.facebook.com/Malayalivartha