സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട...

വില്ലേജ് ഓഫീസുകള്‍ വഴിയുളള 24 സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇനി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങേണ്ട. വരുമാനം, ജാതി, നോണ്‍ ക്രീമിലെയര്‍, നേറ്റിവിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി രേഖകള്‍ സ്‌കാന്‍ ചെയ്ത് അക്ഷയ കേന്ദ്രം വഴി ഫീസ് സഹിതം അയച്ചാല്‍ മതി. അപ്പോള്‍ മൊബൈലില്‍ വിവരങ്ങള്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് തയ്യാറായാല്‍ നമ്പരും ഫോണില്‍ ലഭിക്കും.
നിശ്ചിത ദിവസത്തിനുള്ളില്‍ ഇത് കാണിച്ചാല്‍ അക്ഷയ സെന്ററില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അക്ഷയ സെന്ററിന് 20 രൂപ സര്‍വീസ് ചാര്‍ജും സ്‌കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് ഒരുരൂപ വച്ചും നല്‍കണം. വീട്ടിലിരുന്നും ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ലഭ്യമാക്കാനും കഴിയും.
അക്ഷയയില്‍ രേഖകള്‍ നല്‍കി പണമടച്ചയാള്‍ വില്ലേജ് ഓഫീസില്‍ അസല്‍ രേഖകളുമായി ഹാജരാകേണ്ടതില്ലെന്ന് റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പരാതികളുയര്‍ന്നതിനെ തുടര്‍ന്നാണ് കുര്യന്റെ പ്രതികരണം. ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അതിനടിസ്ഥാനമായി നല്‍കിയ രേഖകളെക്കുറിച്ചോ വിവരങ്ങളെക്കുറിച്ചോ സംശയം ഉയര്‍ന്നാല്‍ അത് നേരിട്ട് ബോദ്ധ്യപ്പെടാനുള്ള നടപടിയെടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് ചുമതലയുണ്ട്.
കേരള എന്‍ജിനിയറിംഗ് ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സിന് അപേക്ഷിക്കാന്‍ വരുമാനം, ജാതി, നോണ്‍ ക്രീമിലെയര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള നേട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. അപേക്ഷിക്കാനുള്ള രേഖകളുമായി അക്ഷയ കേന്ദ്രത്തിലെത്തി ക്യൂ നിന്ന് പണമടച്ചാലും പിന്നീട് അസ്സല്‍ രേഖകള്‍ വില്ലേജ് ഓഫീസറെക്കണ്ട് ബോദ്ധ്യപ്പെടുത്തണമെന്ന് ചില വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അഴിമതി നടത്താനാണെന്നാണ് ആരോപണം. വില്ലേജ് ഓഫീസുകളുടെയൊക്കെ ഭരണ കേന്ദ്രമായ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥന്‍ മകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റിനായി തന്റെ ശമ്പള രേഖകള്‍, ഭാര്യയുടെ വരുമാന രേഖകള്‍ , റേഷന്‍ കാര്‍ഡ് എന്നിവയൊക്കെ അക്ഷയ കേന്ദ്രത്തിലൂടെ അയച്ചു. എന്നാല്‍ ഇവ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടണമെന്നാണ് വില്ലേജ് ഓഫീസറുടെ കല്പന. റവന്യൂ ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ തങ്ങളുടെ നിലയെന്താകുമെന്നാണ് സാധാരണക്കാരുടെ ചോദ്യം.
https://www.facebook.com/Malayalivartha