സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയി; തൊണ്ടിമുതല്‍ ലഭിക്കാതെ പോലീസ് കുടുങ്ങി.. ഒടുവിൽ ഡോക്ടർമാരുടെ വക എനിമ പ്രയോഗം... സംഭവം കൊച്ചിയിൽ

വിഴുങ്ങിയ തൊണ്ടിമുതല്‍ വെളിയില്‍ വരാന്‍ പ്രതിക്ക് എനിമയും കൊടുത്തു എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കാത്തിരുന്നത് ഒരു രാത്രിമുഴുവന്‍. നഗരത്തിലെ ലിസി ജങ്ഷനില്‍ എറണാകുളം സ്വദേശി അനി, ബാഗും മൊെബെല്‍ ഫോണുകളും മോഷ്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നിരവധി കേസുകളില്‍ പ്രതിയായ അനിയെ ദൃശ്യങ്ങളില്‍ കണ്ടത്.
നഗരത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ബാഗുമായി ഇയാളെ കണ്ടെത്തി. പോലീസിനെ കണ്ടതോടെ അനി ബാഗ് എറിഞ്ഞുകളയുകയും അതിലുണ്ടായിരുന്ന ഒരു മോതിരം വിഴുങ്ങുകയും ചെയ്തു. ഇതോടെ തൊണ്ടിമുതല്‍ ലഭിക്കാതെ പോലീസ് കുടുങ്ങി. തൊണ്ടിമുതല്‍ കിട്ടാതെ അറസ്റ്റ് രേഖപ്പെടുത്താനും കഴിയില്ലെന്നായി. ഒടുവില്‍ പ്രതിയുമായി ജനറല്‍ ആശുപത്രിയിലെത്തി.
ഡോക്ടര്‍മാര്‍ തൊണ്ടിമുതല്‍ പുറത്തുവരാന്‍ എനിമ നല്‍കി. മോതിരം പുറത്തുവരുന്നതും കാത്ത് പുറത്തു പോലീസുകാര്‍ ഇരിപ്പായി. രാത്രിമുഴുവന്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോതിരം പുറത്തുവന്നത്. തുടര്‍ന്ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷം സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha