അന്യസംസ്ഥാനക്കാരാണോ നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നത്...? കേരളത്തിൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയതിൽ ഭൂരിഭാഗവും മലയാളികള്‍

കേരളത്തിലെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവർ അന്യസംസ്ഥാനക്കാരാണെന്നാണ് മലയാളികൾ കരുതുന്നത്. ഏതെങ്കിലും ഒരു അന്യസംസ്ഥാനക്കാരനെ കണ്ടാൽ അവരെ സംശയാസ്പദമായി മാത്രമേ മലയാളികൾ കാണുന്നുള്ളൂ. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട സംഭവങ്ങളിൽ നിന്നും ഇത് തന്നെയാണ് വ്യക്തമാകുന്നത്. കുട്ടികളെ കാണാതാകുന്നതിൽ ചില അന്യസംസ്ഥാനക്കാർ ഉൾപ്പെട്ടേക്കാം. എന്നാൽ എല്ലാവരെയും ഒരേകണ്ണിൽ കാണേണ്ടതില്ല. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവർ അന്യസംസ്ഥാനക്കാരാണെന്ന് കരുതുന്നവർ അറിഞ്ഞോളൂ...കേരളത്തിലെ കുട്ടികളെ തട്ടികൊണ്ട് പോയ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും മലയാളികളാണ്.
കേരളത്തിൽ കഴിഞ്ഞവര്‍ഷം മാത്രം 1774 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ 1725 പേരെ കണ്ടെത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതര സംസ്ഥാനക്കാരെന്ന വാദം തെറ്റെന്നും ഇൗ കണക്കുകളിൽനിന്നും വ്യക്തമാണ്. 2017ൽ പിടിയിലായ 199 പ്രതികളില്‍ 188 പേരും മലയാളികളാണ്. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നെന്നും ഇതര സംസ്ഥാനക്കാരാണ് പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായപ്പോഴാണ് സത്യമതല്ലെന്ന് വെളിപ്പെടുന്നത്.
199ലെ 10 പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍. ഇതില്‍ ആറുപേര്‍ തമിഴരും രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒൗദ്യോഗിക കണക്ക് നോക്കിയാല്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ എണ്ണം ഭീമമായി വര്‍ധിച്ചിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുട്ടികളെയാണ് കൂടുതലും കാണാതാകുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് വിചാരിക്കുന്നില്ല. എന്നാല്‍, എന്തിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ പൊലീസിനും ആകുന്നില്ല. കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തില്‍ 2015ല്‍ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തില്‍ 'ഒാപറേഷന്‍ വാത്സല്യ' പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാൽ കഷ്ടിച്ച് ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്.
https://www.facebook.com/Malayalivartha