ഈ ദിവസങ്ങളിൽ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം; ജന്മദിനത്തിനും വിവാഹവാര്‍ഷികദിനത്തിനും കോഴിക്കോട്ടെ പോലീസുകാര്‍ക്ക് പ്രത്യേക അവധി

ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു വിശേഷദിവസങ്ങളാണ് ജന്മദിനവും വിവാഹവാര്‍ഷികദിനവും. പലർക്കും ജോലിയിൽ നിന്നും ലീവ് ലഭിക്കാത്തത് ഈ ദിവസങ്ങൾ ആഘോഷിക്കാൻ തടസമാകും. എന്നാൽ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് ഈ ദിവസങ്ങൾ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം. പോലീസുകാര്‍ക്ക് ജന്മദിനത്തിലും വിവാഹദിനത്തിലും അവധിയനുവദിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാര്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. പോലീസുകാരുടെ ജന്മദിനത്തിന്റെയും വിവാഹദിനത്തിന്റെയും രേഖകളും മറ്റും ശേഖരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പ്രാബല്യത്തിലാകും. നിയമ പ്രകാരം സേനാംഗങ്ങള്‍ക്ക് കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ നിരവധി അവധികളുണ്ട്. എങ്കിലും അവശ്യസര്‍വീസ് എന്ന വിഭാഗത്തില്‍ കുടുങ്ങി ഇവര്‍ക്ക് അനുവദിക്കപ്പെട്ട അവധിയുടെ പകുതിപോലും എടുക്കാന്‍ കഴിയാറില്ല. ഇതുമൂലം കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാകുകയും ജോലിസ്ഥലത്ത് സമ്മര്‍ദം കൂടുകയും ചെയ്യാറുണ്ട്.
ഒരുമാസംമുന്‍പ് ഇതുപോലുള്ള പ്രശ്നങ്ങള്‍ കാണിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അവധി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. ഇത് കേരളത്തിൽ എല്ലായിടത്തും നടപ്പാക്കാനുള്ള തീരുമാനത്തിലാണ്. അവധി അനുവദിച്ചത് ജില്ലാ പോലീസ് അസോസിയേഷന്‍ സ്വാഗതംചെയ്തു. സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇത്തരം അവധികള്‍ ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.എസ്. ശ്രീലേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha