ഷുഹൈദിന്റെ കൊലപാതകം; പിണറായി കാബിനറ്റിലെ മന്ത്രിയെ പോലെ പ്രവർത്തിക്കുന്ന ചെന്നിത്തലയും സി പി എമ്മും തെറ്റി...

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് വിട. ഒരു പ്രാദേശിക രാഷ്ട്രീയ വിഷയത്തെ തുടർന്നുണ്ടായ വിഷയങ്ങളാണ് കണ്ണൂർ സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈദിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പാർട്ടിക്ക് കൊലപാതകത്തിൽ ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞതിന്റെ പിന്നാലെ ഷുഹൈദിന് നേരേ കൊലവിളി നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രമേശ് ചെന്നിത്തലയും കോടിയേരിയും തമ്മിലുള്ള സ്നേഹ രാഷ്ട്രീയത്തിന് തത്കാലം ഇടവേള ഉണ്ടായിരിക്കുകയാണ്.
കണ്ണൂരിൽ ഏറെ നാളായി കോൺഗ്രസുകാരും സി പി എമ്മുകാരും തമ്മിൽ ബഹളങ്ങളില്ലാതെ നീങ്ങുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിലായിരുന്നു പ്രധാന സംഘർഷം. ഷുഹൈദിന്റെ കാലുവെട്ടുകയായിരുന്നു കൊലപാതകികളുടെ ഉദ്ദേശ്യം. രക്തം വാർന്നാണ് ഷുഹൈദ് മരിച്ചത്. കണ്ണൂരിൽ കാലുവെട്ട് രാഷ്ട്രീയത്തിനാണ് ഇപ്പോൾ പ്രാധാന്യം. മുട്ടിനു താഴെ വെട്ടി ആളെ കിടത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് അനുഭവസ്ഥർ പറയുന്നു.
വീഡിയോക്ക് സി പി എം തന്നെ മറുപടി പറയേണ്ടി വരും. കാരണം ഇ.പി.ജയരാജൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗം ആയിരുന്നയാളാണ് ഷുഹൈദിനെതിരെ മുദ്രാവാക്യം മുഴക്കുന്നത്. അക്കാര്യം പുറത്ത് വന്നു കഴിഞ്ഞു. പ്രകടനത്തിനിടയിൽ നടന്നത് ആവേശം മാത്രമാണെന്ന് സി പി എം നേതാക്കൾ വിശദീകരിക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ രീതികൾ നന്നായിരുന്നവർ ഇത് വിശ്വസിക്കുന്നില്ല. സി പി എം സംസ്ഥാന കമ്മിറ്റി കൂടുന്നതിന്റെ തലേന്നാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്.
രമേശ് ചെന്നിത്തലക്ക് സി പി എം സംസ്ഥാന നേത്യത്വവുമായി അടുത്ത ബന്ധമുണ്ട്. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടും ചുണയുള്ള ഒരു സമരം പോലും രമേശ് നടത്തിയില്ല. പലപ്പോഴും പിണറായി കാബിനറ്റിലെ ഒരു മന്ത്രിയെ പോലെയാണ് ചെന്നിത്തല പെരുമാറുന്നത്. പിണറായി പറയുന്നത് പോലെ പ്രവർത്തിക്കുന്ന ഒരാളായാണ് ചെന്നിത്തലയെ എല്ലാവരും കാണുന്നത്. ദുർബലനായ എം എം ഹസനെ കെ പി സി സി അധ്യക്ഷനാക്കിയതോടെ പാർട്ടിയും ദുർബലമായി. സി പി എം പോലെ ശക്തമായ ഒരു പാർട്ടിയുമായി മല്ലിടാനുള്ള കരുത്ത് കോൺഗ്രസിനില്ല.
https://www.facebook.com/Malayalivartha