അന്നനാളത്തിന്റെ ദ്വാരത്തിന് ആവശ്യമായ വികാസമില്ല... അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയാനാകാതെ ഈ കുരുന്ന്... മുലപ്പാൽ നൽകിയാൽ ശ്വാസനാളത്തിൽ കയറുന്ന ഗുരുതര രോഗം... കുരുന്നിന്റെ ജീവന് വേണ്ടി കുതിച്ചത് രതീഷ്

ഇന്നലെ വൈകിട്ടോടെയാണ് മടിക്കൈ പാലിയേറ്റീവ് കെയർ ആംബുലൻസിന്റെ മംഗളൂരു മുതൽ എറണാകുളം വരെയുള്ള അതിവേഗ ഓട്ടത്തിന് നാടും നഗരവും സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്ക് 2.15 ന് തിരക്കേറിയ പാതയിലൂടെ ആരംഭിച്ച ഓട്ടം ആറ് മണിക്കൂറും 40 മിനിട്ടും കൊണ്ട് പൂർത്തിയാക്കി. അന്നനാളത്തിന്റെ ദ്വാരത്തിന് ആവശ്യമായ വികാസമില്ലാതായതോടെ ഒരു മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുള്ള കുരുന്നിനെയും കൊണ്ടാണ് അധികം പ്രപചരണം നൽകാതെ എറണാകുളത്തെ അമൃതയിലേക്ക് കുതിച്ചത്.
അന്നനാളത്തിന് വലിപ്പം ഇല്ലാതായതോടെ അമ്മ നൽകുന്ന മുലപ്പാൽ ശ്വാസനാളത്തിൽ കയറുന്ന ഗുരുതര രോഗം ബാധിച്ചായിരുന്നു മടിക്കൈയിലെ ചാളക്കടവ് ധന്യ-സുഭീഷ് ദമ്പതികളുടെ മൂന്ന് മാസം പ്രായമായ മകൾ ചികിത്സ തേടിയത്. ഒരു മാസത്തോളം ലക്ഷങ്ങൾ ചിലവിട്ട് മംഗളൂരു ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഒടുവിൽ അമൃത ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് അവിടേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്.
മടിക്കൈയിലെ പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസമായി പ്രവാസികൾ സമ്മാനിച്ച ആംബുലൻസിന്റെ ഡ്രൈവറായ രതീഷുമായി ബന്ധപ്പെട്ട ബന്ധുക്കൾ കുട്ടിയെ എത്രയും പെട്ടെന്ന് കുട്ടിയെ എറണാകുളത്ത് എത്തിച്ച് തരാൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് അധികം പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാൻ ഓൾ കേരള ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാരായണന്റെ ഇടപെടലോടെ സംഘടനാ തലത്തിൽ മാത്രം വിവരം കൈമാറിയായിരുന്നു യാത്രയുടെ ഏകോപനം.
ഓരോ ജില്ലയിലെയും അംഗങ്ങളുടെയും ഗ്രൂപ്പുകളിൽ മാത്രം വിവരം കൈമാറി അവിടങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കിയും വഴി തെറ്റാതിരിക്കാൻ എസ്കോർട്ട് പോയുമാണ് ഞൊടിയിടയിൽ ലക്ഷ്യം കണ്ടത്.
https://www.facebook.com/Malayalivartha