കെവിഎം നഴ്‌സിംഗ് സമരം നാളെ 180 ദിവസം പിന്നിടും; അരലക്ഷം നഴ്‌സുമാര്‍ നാളെ ചേര്‍ത്തലയില്‍ സംഗമിക്കും

കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാളെ സ്വകാര്യസഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ 15ന് ചേര്‍ത്തലയിലെ സമരപന്തലിലെത്തും.
നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. സമരത്തിലിരിക്കുന്ന നഴ്‌സുമാര്‍ പരിശോധിച്ചതില്‍ രക്ത സമ്മര്‍ദ്ദത്തില്‍ തുടരെ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാല്‍ വ്യക്തമാക്കി.
കെവിഎം നഴ്‌സിംഗ് സമരം നാളെ 180 ദിവസം പിന്നിടുകയാണ്. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖലയെ വീണ്ടും കലുഷിതമായി.
പരിചയസമ്പന്നരായ രണ്ട് നഴ്‌സുമാരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെവിഎമ്മില്‍ സമരം തുടങ്ങേണ്ടിവന്നത്. പ്രതികാരനടപടികള്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുത്തത്. 2013ലെ മിനിമം വേജസ് നടപ്പിലാക്കി അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിനോട് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2013ല്‍ പരിഷ്‌കരിച്ച ശമ്പളമോ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളോ അനുവദിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. നിലവില്‍ 14 ഉം 16ഉം മണിക്കൂറുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. അവകാശ നോട്ടീസ് നിയമപ്രകാരം നല്‍കുകയും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിലെല്ലാം മാനേജ്‌മെന്റ് നിഷേധ നിലപാട് സ്വീകരിച്ചതോടെയാണ് നഴ്‌സുമാര്‍ കെവിഎമ്മില്‍ സമരത്തിനിറങ്ങിയത്. മാനേജ്‌മെന്റിനുവേണ്ടി നഴ്‌സുമാരുടെ വീടുകളില്‍ ഗുണ്ടകള്‍ കയറിയിറങ്ങി വധഭീഷണയുള്‍പ്പടെ പലഘട്ടങ്ങളിലായുണ്ടായി.
ഞായറാഴ്ച യുഎന്‍എ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. സ്ത്രീകളായ നൂറുകണക്കിന് നഴ്‌സുമാര്‍ക്കുനേരെ പുരുഷ പൊലീസുകാര്‍ നടത്തിയ അതിക്രമം ന്യായീകരിക്കാനാവുന്നതല്ല. യുഎന്‍എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിമുടക്കും ചേര്‍ത്തലയിലെ ഐക്യദാര്‍ഢ്യ സംഗമവും ചരിത്രസംഭവമാക്കുന്നതിനാണ് യുഎന്‍എ തീരുമാനം. ഫെബ്രുവരി 12ന് സംസ്ഥാനത്ത് യുഎന്‍എ യൂണിറ്റുകളുള്ള മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ജില്ലാ ലേബര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സംസ്ഥാന തൊഴില്‍ വകുപ്പ് കമ്മിഷണര്‍ക്കും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി മാസം 28നും 30നുമായി ഇതേ വിഷയത്തില്‍ ആദ്യപടിയെന്നോണം നോട്ടീസ് നല്‍കിയിരുന്നതുമാണ്. 15ന് രാവിലെ ഏഴ് മണി മുതല്‍ 16ന് രാവിലെ ഏഴ് മണി വരെയാണ് പണിമുടക്കുന്നത്.
https://www.facebook.com/Malayalivartha