കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി നേഘയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ഒരു നടപടിക്കും നിയമം അനുവദിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

അധ്യാപകരുടെ പീഡനത്തെ തുടർന്ന് കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി നേഘ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ യാതൊരു നടപടിക്കും നിയമം അനുവദിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
സംഭവത്തിന് കാരണക്കാരായ അധ്യാപകരെ തിരിച്ചെടുത്തതിനെതിരെ വെറുതെ ധാർമ്മിക രോഷം കൊള്ളാൻ മാത്രമേ തങ്ങൾക്ക് അധികാരമുള്ളുവെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ വാദം വെറും പൊള്ളയാണെന്ന് ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ വ്യക്തമാക്കുന്നു.
സുകളിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ പരിഹരിക്കുന്നതിൽ പ്രിൻസിപ്പാൾ അടക്കമുള്ള അധ്യാപകർ പരാജയപ്പെട്ടതാണ് ഇത്തരം ദാരുണ സംഭവത്തിന് വഴിവച്ചതെന്നാണ് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചത്. സ്കൂൾ അംഗീകൃത സിബിഎസ്ഇ സ്കൂൾ ആണെങ്കിലും വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരിട്ട് നിയന്ത്രണമോ നടപടി എടുക്കാൻ അധികാരമോ ഇല്ലെന്നാണ് ഉപഡയറക്ടർ അറിയിച്ചത്.
ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ തങ്ങൾക്ക് കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടികളെ മാനസികമായി തകർക്കുന്ന ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കാനും കഴിയില്ലത്രേ. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും ഉപഡയറക്ടർ കമ്മീഷനെ അറിയിച്ചു.
എന്നാൽ വാസ്തവം അതല്ല. കേരളത്തിൽ കേന്ദ്ര സിലബസിൽ പഠിപ്പിക്കുന്ന എല്ലാ സ്കൂളുകൾക്കും പ്രവർത്തനാനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ എന്നാൽ വിദ്യാഭ്യാസ ഡയറക്ടറും ഉപഡയറക്ടറുമാണ്. സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി പിൻവലിച്ചാൽ സ്കൂൾ പൂട്ടണം. അതിന് എന്തുകൊണ്ടാണ് സർക്കാർ തയ്യാറാകാത്തത്?
സഹോദരിമാരായ മീരയും ഗൗരിയും ട്രിനിറ്റി സ്കൂളിൽ പഠിച്ചിരുന്നു. മീര 8 ലും ഗൗരി 10 ലും. മീരയെ ആൺ കുട്ടികൾക്കിടയിൽ ഇരുത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ ഉണ്ടായത്. അനുജത്തിയെ നോക്കാൻ ജ്യേഷ്ഠത്തിയെ മാതാവ് ചുമതലപ്പെടുത്തിയത് പ്രിൻസിപ്പൽ അംഗീകരിച്ചില്ല.
എന്നാൽ ഗൗരി തന്റെ അനുജത്തിയെ കാണാൻ അവളുടെ ക്ലാസിൽ പോയിരുന്നു. ഇത് അനിയത്തിയുടെ ക്ലാസിലെ കുട്ടികൾ ചോദ്യം ചെയ്തു. അധ്യാപിക ഇടപെട്ട് ഗൗരിയോട് പ്രിൻസിപ്പലിനെ കാണാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിന് ശേഷം ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് ആത്മഹത്യക്ക് കാരണമാകണമെന്നില്ല.
അധ്യാപികമാരായ സിന്ധുവും ക്രസന്റും കുറ്റക്കാരാണെന്ന മട്ടിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കുട്ടി കെട്ടിടത്തിൽ നിന്നും ചാടിയെങ്കിൽ അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന വാദം വിദ്യാഭ്യാസ ഉപഡയറക്ടർ തള്ളി. അത് വിശ്വസനീയമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രിൻസിപ്പാൾ ജോണിന്റെ നിലപാട് ദുരൂഹമാണെന്നും റിപ്പോർട്ടിലുണ്ട്. ഫലത്തിൽ രക്ഷകർത്താക്കളെ ദുഃഖകയത്തിലാക്കി സർക്കാർ, ട്രിനിറ്റി സ്കൂളിനെ രക്ഷിച്ചു.
https://www.facebook.com/Malayalivartha