എ.ടി.എം. കാര്‍ഡ് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പു നടത്തുന്ന ഇതരസംസ്ഥാന സംഘത്തിലെ മുഖ്യൻ പിടിയിൽ

എ.ടി.എം. കാര്‍ഡിലെ വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പു നടത്തുന്ന ഇതരസംസ്ഥാന സംഘത്തിലെ മുഖ്യൻ ആലുവയിൽ പിടിയിലായി. ഡല്‍ഹി ഉത്തംനഗറില്‍ താമസമാക്കിയ ഹിമാചല്‍ സ്വദേശി ആശിഷ് ദിമാൻ (29) ആണ് പിടിയിലായത്. അടൂര്‍ ഡിവൈ.എസ്.പി: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം ആലുവയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. എ.ടി.എം. കാര്‍ഡ് പിന്‍നമ്പര്‍, സി.സി.വി നമ്പര്‍, ഒറ്റത്തവണ പാസ്സ്‌വേർഡ്എന്നിവ കൈക്കലാക്കി തട്ടിപ്പു നടത്തുകയാണ് ഇയാളുടെ പതിവ്.
പന്തളം സി.എം. ആശുപത്രിയിലെ ഉദ്യോഗസ്ഥനായ ഡോ. പ്രേം കൃഷ്ണന്റെ അക്കൗണ്ടില്‍നിന്നും കഴിഞ്ഞ 11ന് 39,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെ സങ്കേതത്തിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിന്റെ തലേദിവസമാണ് ഇയാൾ കുടുങ്ങുന്നത്.
നിലവിലുള്ള എ.ടി.എം കാര്‍ഡിന് പകരം മൈക്രോചിപ്പ് ഘടിപ്പിച്ച കാര്‍ഡ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇടപാടിനാവശ്യമായ നമ്പരുകള്‍ മുഴുവന്‍ മനസിലാക്കിയ ശേഷം അത് ഉപയോഗിച്ച് പ്രതിയുടെ പേ ടി.എം വാലറ്റിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്തത്. പിന്നീട് ഇത് വാലറ്റില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പിന്‍വലിക്കും. ഡിസംബര്‍ 18 ന് കേരളത്തിലെത്തിയ ആശിഷ് ദിമാന്‍ ആലുവ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ മുഴുവന്‍ നല്‍കിയാണ് അക്കൗണ്ട് തുടങ്ങിയത്. ഡോ. പ്രേം കൃഷ്ണന് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ആലുവ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ബാങ്ക് മാനേജരുമായി സംസാരിച്ച് പോലീസ് ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. അക്കൗണ്ടില്‍ ചെറിയ തിരുത്തലുകള്‍ ആവശ്യമുണ്ടെന്നും അതു കൊണ്ടാണ് പണമിടപാട് നടക്കാത്തതെന്നും അധികൃതര്‍ അറിയിച്ചതോടെ ആശിഷ് ബാങ്കിലെത്തി. ഇവിടെ വച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളുടെ അക്കൗണ്ടിലേക്ക് ഒറ്റ മാസം കൊണ്ട് അഞ്ചേ മുക്കാല്‍ ലക്ഷംരൂപ എത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha