കേരളം പുതിയ ചരിത്രത്തിലേക്ക്; നൂതന സൗകര്യങ്ങളോടു കൂടിയ ആയുര്‍വേദ ആശുപത്രിയിലെ ലേബര്‍റൂമില്‍ ആദ്യമായി ഒരു പ്രസവം വിജയകരം

നൂതന സൗകര്യങ്ങളോടു കൂടിയ ആയുര്‍വേദ ആശുപത്രിയിലെ ലേബര്‍റൂമില്‍ ആദ്യമായി ഒരു പ്രസവം വിജയകരമായി നടന്നു. ഗവ. ആയുര്‍വേദ കോളേജിന് കീഴിലുള്ള പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സുസജ്ജമായ ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നത്. ആശുപത്രി സ്ഥാപിതമായ കാലം തൊട്ട് പരിമിതമായ സൗകര്യങ്ങളോടെ പ്രസവം നടന്നിരുന്നുവെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ റൂമില്‍ പ്രസവം നടക്കുന്നത് ഇതാദ്യമായാണ്. പുതിയ ലേബര്‍ റൂമില്‍ ഇന്ന് (മേയ് 16-ാം തീയതി) രാവിലെ 9.14 നാണ് ആദ്യ പ്രസവം നടന്നത്. വട്ടപ്പാറ ചിറ്റാഴ സ്വദേശിയായ ശിവപ്രസാദ്, ഗോപിക ദമ്പതിമാര്‍ക്കാണ് ഒരാണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടക്കം മുതല്‍ ഗോപിക ഇവിടെയാണ് ചികിത്സ തേടിയിരുന്നത്.
ആയുര്‍വേദ രംഗത്ത് പ്രസവ, സ്ത്രീരോഗ സംബന്ധമായ ചികിത്സാ സാധ്യതകള്‍ക്ക് ഇത് ആക്കം കൂട്ടുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലേബര്‍ റൂം, സാധാരണ പ്രസവത്തിന് പുറമേ അത്യാവശ്യ ഘട്ടങ്ങളില്‍ സിസേറിയന്‍ ചെയ്യുവാനുള്ള ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ ഇവിടെ സജ്ജമാക്കിയത്. ലേബര്‍ റൂമിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി അനസ്തീഷ്യ വിദഗ്ധന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍, സി.എസ്.ആര്‍. ടെക്‌നീഷ്യന്‍ തുടങ്ങി 29 തസ്തികകളും അനുവദിച്ചു. ലേബര്‍ റൂമും സര്‍ജറി തീയറ്ററും സജ്ജമായതോടെ ഈ പ്രദേശത്തെ അനേകം ഗര്‍ഭിണികള്‍ക്കും സ്ത്രീകളായ രോഗികള്‍ക്കും ഇതൊരു ആശ്രയകേന്ദ്രമായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദ ചികിത്സയും അലോപ്പി ചികിത്സയും സംയുക്തമായി നടത്തി വരുന്നതും അലോപ്പതി ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളതും സിസേറിയന്‍ സൗകര്യങ്ങളുള്ളതുമായ കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ആയുര്‍വേദ ആശുപത്രിയാണ് പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ഏകദേശം 65 വര്‍ഷം മുമ്പാണ് ഈ ആശുപത്രി സ്ഥാപിതമായത്. പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗത്തില്‍ വന്ധ്യതാ ചികിത്സ, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ, ഗര്‍ഭിണി പരിചരണം, പ്രസവ ശ്രുശ്രൂഷ, പ്രസവാനന്തര ശുശ്രൂക്ഷ, സ്തന രോഗങ്ങള്‍ക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവയാണ് പ്രധാനമായും നടന്നു വരുന്നത്.
https://www.facebook.com/Malayalivartha