ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി. ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ജൂണ്‍ 15നകം പ്രവര്‍ത്തന ക്ഷമമാക്കണം. ജില്ലാ പൊലീസ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലനം നല്‍കി നിയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പരിശോധന സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തണം. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് കച്ചവടം, വ്യഭിചാരം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എസ്.എച്ച്.ഒ മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കും മറ്റും യൂണിഫോം നിര്‍ബന്ധമാക്കാന്‍ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടും. വഴിയോര കച്ചവടക്കാര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാരെ പൊലീസിന്റെയോ ടൂറിസം സഹായ കേന്ദ്രത്തിന്റെയോ അനുവാദമില്ലാതെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല. വിദേശികളും ഇതര സംസ്ഥാനങ്ങളിലുള്ളവരുമായ ടൂറിസ്റ്റുകള്‍ കൂടുതലെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയുന്ന പൊലീസുദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും.
https://www.facebook.com/Malayalivartha