കുട്ടിക്കച്ചവടം തകര്‍ക്കുന്നു... സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍... ജനസേവാ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുറത്താകുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍; കുട്ടികള്‍ എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഉള്ള വിവരം ആര്‍ക്കും ലഭ്യമല്ല

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍. ജനസേവാ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അനാഥാലയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചകളിലേക്ക് ഉയരുന്നു.
കേരളത്തില്‍ ആര്‍ക്കു വേണമെങ്കിലും അനാഥാലയം തുടങ്ങാമെന്നതാണ് അവസ്ഥ. ജനസേവാ ശിശുഭവനില്‍ കുട്ടികളുടെ കണക്കില്‍ വൈരുദ്ധ്യമുണ്ടെന്ന സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പ്രസ്താവന കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നതാണ്. പലപ്പേഴും അനാഥാലയം നടത്തിപ്പുകാരാണ് കുട്ടികളുടെ കണക്ക് എഴുതിയുണ്ടാക്കുന്നത്. കുട്ടികള്‍ എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഉള്ള വിവരം ആര്‍ക്കും ലഭ്യമല്ല. ഇതെല്ലാം കൃത്യമായി മനസിലാക്കേണ്ട സാമൂഹ്യനീതി വകുപ്പിന് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം സ്വാതന്ത്ര്യം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മനുഷ്യാവകാശ കമ്മീഷന്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അന്ന് കമ്മീഷന്‍ ഐ ജിയായിരുന്ന എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. അക്കാലത്താണ് കേരളത്തില്‍ കുട്ടിക്കടത്ത് നടന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നൂറ് കണക്കിന് കുട്ടികളെയാണ് കടത്തികൊണ്ടു വരുന്നത്. ഇതിപ്പോഴും തുടരുന്നു. കേരളത്തില്‍ മികച്ച ജീവിത നിലവാരമുണ്ടെന്ന് പറഞ്ഞാണ് നിര്‍ദ്ധനരായ ഇതര സംസ്ഥാനക്കാരായ കുട്ടികളെ കേരളത്തിലെത്തിക്കുന്നത്. കേരളത്തിലെത്തുന്ന കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നതെന്നത് സംബന്ധിച്ച് യാതൊരു വിവരവും സര്‍ക്കാരിനില്ല. സാമൂഹ്യനീതി വകുപ്പാണ് ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്.
അനാഥാലയങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യമാണ് നിയന്ത്രണത്തിലുള്ള പ്രധാന വെല്ലുവിളി. പല അനാഥാലയങ്ങളും നടത്തുന്നത് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികളാണ്. ലീഗിന്റെ സ്ഥാപനങ്ങളാണ് മലപ്പുറത്തുള്ളതില്‍ അധികവും. പലതിന്റെയും ചെയര്‍മാന്‍ പാണക്കാട് തങ്ങളാണ്. സര്‍ക്കാര്‍ ഏത് തന്നെയായാലും ഇത്തരക്കാരെ നിയന്ത്രിക്കാനാവില്ല.
ഐ.ജി. ശ്രീജിത്ത് അന്വേഷണവുമായി മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും മാറ്റുകയാണ് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. ഒരിക്കലും അനാഥാലയങ്ങളെ കുറിച്ചുള്ള ഒരന്വേഷണവും പാര്‍ട്ടികള്‍ അംഗീകരിച്ച് നല്‍കില്ല. കാരണം കോടികളാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തും നിന്നും നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. അനാഥാലയം പൊന്‍മുട്ടയിടുന്ന താറാവാണ്. അതിനെ കൊല്ലാന്‍ നടത്തിപ്പുകാര്‍ അനുവദിക്കില്ല.
സാമൂഹിക പ്രവര്‍ത്തനമാണ് കേരളത്തിലിപ്പോള്‍ ലാഭകരമായ ബിസിനസ്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ പേരില്‍ പോലീസിന് കേസെടുക്കേണ്ട സാഹചര്യം പോലുമുണ്ടായി. തെരുവിന്റെ മക്കളെ പുനരധിവസിപ്പിക്കുന്ന സാമൂഹിക പ്രവര്‍ത്തകന് തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന എല്ലാ സാമ്പത്തിക സഹായവും നിര്‍ത്തിവച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറവില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളും അവയവ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിക്കുന്ന സൂചന. ചില സ്ഥലങ്ങളിലെങ്കിലും ലൈംഗിക പീഡനം നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആരും ഒന്നും കാണാതെ ആരെയും നന്നാക്കാനിറങ്ങില്ലെന്നാണ് സര്‍ക്കാരും പോലീസും കരുതുന്നത്. എല്ലാറ്റിനും പിന്നിലും വ്യക്തമായ അജണ്ടയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതില്‍ പ്രധാനം കോടികളുടെ സാമ്പത്തിക സഹായം തന്നെയാണ്.
ജനസേവാ ശിശുഭവനില്‍ രേഖകളിലുള്ള കുട്ടികളെ നേരിട്ട് കാണാനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അപ്പോള്‍ കുട്ടികള്‍ എവിടേക്കാണ് പോയത്? അതോ ഗ്രാന്റ് തട്ടിക്കാനുള്ള കള്ള കണക്കായിരുന്നോ? അനാഥായങ്ങള്‍ നിയന്ത്രിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നത് കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്.
https://www.facebook.com/Malayalivartha