ഷിജിത പോയി ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു... തീരാ വേദനയായി ആ ദുഃഖം തങ്ങി നിൽക്കുന്നതിനിടയിൽ ഉബീഷിനും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ ഞായറാഴ്‌ച മരണമടഞ്ഞ ഷിജിതയുടെ ഭര്‍ത്താവ്, തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനും നിപ്പ വൈറസ് ബാധ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങളേത്തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ രക്‌തം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ദിവ്യ(35)യെ നിപ ലക്ഷണങ്ങളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്‌ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 15 മുതലാണ് ഇരുവര്‍ക്കും പനിയാരംഭിച്ചത്. അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ഉബീഷിനെ പരിചരിച്ച് ഷിജിത ഒരാഴ്‌ച ആശുപത്രിയിലുണ്ടായിരുന്നു.
ഈസമയത്താണു ഷിജിതയ്‌ക്കു വൈറസ് ബാധ കണ്ടെത്തിയത്. ഷിജിതയുടെ മരണത്തേത്തുടര്‍ന്ന് ഉബീഷിനെ വീണ്ടും പരിശോധിച്ചപ്പോഴാണു നിപ വൈറസ് സ്‌ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരെയും പനിക്കു ചികിത്സ തേടിയെത്തിയ മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്‌ധ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ചവര്‍ക്കെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണു രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മലപ്പുറം ജില്ലക്കാരായ മൂന്നുപേര്‍ നിപ ബാധിച്ചു മരിച്ച സാഹചര്യത്തില്‍ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കു ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണിത്.
https://www.facebook.com/Malayalivartha