നിപ വൈറസിന്റെ പേരിൽ വവ്വാലുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ്; . വവ്വാലാണ് രോഗം പരത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു

നിപ വൈറസിന്റെ പേരിൽ വവ്വാലുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ്. അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. വവ്വാലാണ് രോഗം പരത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. നാടൻ ഫലങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകർ . സാധാരണ കാണുന്ന വലിയ വവ്വാലുകളാണിത്. എന്നാൽ നിപ വൈറസ് കാരണം മരണം റിപ്പോർട്ട് ചെയ്ത പന്തിരിക്കരയിലെ കിണറ്റിൽ നിന്ന് പിടിച്ചത് കീടങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയാണ്.
വീടുകളിൽ കണ്ടുവരുന്നത് ഇത്തരം വവ്വാലുകളാണ്. പഴങ്ങൾ ഭക്ഷിക്കുന്നവ വലിയ കോളനികളായി താമസിക്കുന്നവയാണ്. വവ്വാലുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മിഷണർ ഡോ. സുരേഷ്. എസ്. ഹൊണ്ണപഗോൽ പറഞ്ഞു. വവ്വാലുകളെ ഓടിക്കാനും കൊല്ലാനും ശ്രമിക്കുന്നതാണ് അപകടകരം. അങ്ങനെ വരുമ്പോൾ അവയുടെ വിസർജ്യം ശരീരത്തിലാകാനുള്ള സാധ്യത കൂടുതലാണ്. അഥവാ രോഗവാഹകരാണെങ്കിൽ അത് മറ്റ് പ്രദേശങ്ങളിലെത്തി രോഗം പടരാനുള്ള സാഹചര്യമുണ്ടാക്കും. വവ്വാലുകളുടെ കാഷ്ഠം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. പോറൽ വീണതോ പൊട്ടിയതോ ആയ പഴങ്ങൾ.
രോഗബാധയുണ്ടായ പ്രദേശത്ത് 15 കിലോമീറ്റർ പരിധിയിലൊന്നും ഫാമുകളില്ല. അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മൃഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്. പശു, ആട്, പന്നി എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. ഈ മൃഗങ്ങൾക്കൊന്നും രോഗലക്ഷണങ്ങളില്ലായിരുന്നു. വളർത്തുമൃഗങ്ങളിലും എന്തെങ്കിലും തരത്തിലുള്ള മാറ്റംകണ്ടാൽ ശ്രദ്ധയോടെ മാത്രമേ പരിപാലിക്കാവൂ. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ വിഭ്രാന്തി തുടങ്ങിയവ കണ്ടാൽ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. കൈയുറയും മാസ്കും ഉപയോഗിച്ച് മാത്രമേ മൃഗങ്ങളെ തൊടാവൂ. വ്യക്തിശുചിത്വം ഉറപ്പാക്കുകയാണ് പ്രധാനം.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ്ലൈനും ഉണ്ട്. വളർത്തു മൃഗങ്ങളിൽ രോഗം വ്യാപിക്കുന്ന സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട ആവശ്യം ഇല്ല വെള്ളിയാഴ്ച പരിശോധനാഫലം വരുന്നതോടെ എന്താണ്പ്രശ്‌നമെന്ന് മനസിലാകുമെന്നാണ് കണക്ക് കൂട്ടൽ.
https://www.facebook.com/Malayalivartha