‘വവ്വാലുകൾ ഭൂമിക്ക് ആവശ്യമാണ് അവയെ അപ്പാടെ കൊന്നൊടുക്കരുത്’; പേരാമ്പ്രയിലെ ആ കിണറ്റിൽ നിന്ന് വവ്വാലുകളെ പുറത്തുചാടിച്ച ശ്രീഹരിക്ക് പറയാനുള്ളത്

നിപ്പ വൈറസ് ബാധയുടെ ഉറവിടത്തിൽ ഇറങ്ങി വവ്വാലുകളെ പിടികൂടി അധികൃതർക്ക് കൈമാറി നാട്ടുകാരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ് ശ്രീ ഹരി എന്ന ചെറുപ്പക്കാരൻ. കോഴിക്കോട് പേരാമ്പ്രയിലെ കിണറ്റില്‍നിന്നു വവ്വാലുകളെ പിടിക്കാന്‍ അധികൃതരെ സഹായിച്ചത് ഇൗ വിദ്യാർഥിയാണ്. ഇയാൾക്ക് എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഇദ്ദേഹം ഒരു ചൈനീസ് വിദ്യാർഥിയാണ്. പഠനം കൊണ്ട് ചൈനയാണെങ്കിലും ജനനം കൊണ്ട് കൊല്ലം സ്വദേശിയാണ്. കൊല്ലം മൺട്രോതുരുത്താണ് ശ്രീഹരിയുടെ വീട്.
അയാൾക്ക് ഒരപേക്ഷയുണ്ട് . ‘വവ്വാലുകൾ ഭൂമിക്ക് ആവശ്യമാണ് അവയെ അപ്പാടെ കൊന്നൊടുക്കരുത്’. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണു ശ്രീഹരി ഇപ്പോൾ. വനത്തിലേക്കു പോകാനുള്ള തയാറെടുപ്പിനിടെയാണു നിപ്പ വൈറസ് ബാധയെക്കുറിച്ച് അറിയുന്നത്. വവ്വാലുകളെ പിടികൂടാൻ സഹായം അഭ്യർഥിച്ച് ഫോൺ എത്തിയതോടെ ശ്രീഹരി നേരെ പേരാമ്പ്രയിലേക്ക് എത്തി.
കിണറ്റില്‍ വലവിരിച്ചശേഷം ശബ്ദം ഉണ്ടാക്കിയാണു വവ്വാലിനെ മുകളിലേക്ക് വരുത്തി കുടുക്കിയത്. പഠനത്തിനായി വനത്തില്‍ ശ്രീഹരി ഉപയോഗിക്കുന്ന പ്രത്യേക കെണിയാണ് ഇതിനായി ഉപയോഗിച്ചത്. ഡോക്ടര്‍മാര്‍ വവ്വാലിന്റെ രക്തവും ഉമിനീരും സാമ്പിളായി ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ്പ വൈറസ് പരത്തുന്നതിന് പിന്നിൽ വവ്വാലുകളാണെന്ന് സ്ഥിരീകരിക്കാനാകൂ.
വവ്വാലുകളെ എളുപ്പത്തിൽ പിടികൂടാനുള്ള കെണി ഇന്ത്യയിൽ ഇപ്പോഴും ലഭ്യമല്ല. ഓസ്ട്രേലിയയില്‍നിന്നു നാലു ലക്ഷംരൂപ ചെലവഴിച്ചാണ് ഒരു സ്ഥാപനം രണ്ടു കെണികള്‍ ഇറക്കുമതി ചെയ്തത്. ഇതിന്റെ മാതൃക ഉപയോഗിച്ചു പ്രാദേശിക സഹായത്തോടെ 20,000 രൂപ ചെലവില്‍ ശ്രീഹരി കെണി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇതുപയോഗിച്ചാണ് കിണറ്റിൽ നിന്നും വവ്വാലുകളെ കെണിയിലാക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയിലെ പഠനത്തിനുശേഷമാണു ശ്രീഹരി ചൈനീസ് സര്‍വകലാശാലയില്‍ പഠനത്തിനു ചേര്‍ന്നത്.
വവ്വാലുകളോടാണ് ശ്രീഹരിയുടെ ഇഷ്ടം. അവയെ പറ്റി പഠിക്കാനും ഭൂമിക്ക് വവ്വാലുകൾ ചെയ്യുന്ന ഉപകാരങ്ങൾ എത്രത്തോളമാണെന്നും ശ്രീഹരി പറയുന്നു. ഇത് മറന്ന് കൂട്ടത്തോടെ വവ്വാലുകളെ നശിപ്പിക്കാനൊരുങ്ങിയാൾ വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമാകും. കേരളത്തില്‍ 50 തരം വവ്വാലുകളുണ്ട്. ഇതില്‍ ആറെണ്ണം പഴങ്ങള്‍ കഴിക്കുന്നവയും ബാക്കിയുള്ളവ പ്രാണികളെ ഭക്ഷിക്കുന്നവയുമാണ്. വവ്വാലുകള്‍ വിസര്‍ജിക്കുന്ന വിത്തുകള്‍ വേഗത്തില്‍ വളരും.
പ്രാണികളെ തിന്നുന്ന വവ്വാലുകള്‍ കൊതുകുകളെയും കൃഷിനാശം വരുത്തുന്ന പ്രാണികളെയും ഭക്ഷിക്കുന്നു. പ്രാണികളെ തിന്നുന്ന വവ്വാലിന് 30 ഗ്രാമാണ് ഭാരമെങ്കില്‍ 30 ഗ്രാം കൊതുകിനെയാണ് ഒരു ദിവസം തിന്നുന്നത്. 30 ഗ്രാം കൊതുകിനെ ഭക്ഷിക്കണമെങ്കില്‍ വവ്വാലുകള്‍ ചെയ്യുന്ന മഹത്തായ പ്രവൃത്തി ഊഹിക്കാവുന്നതേയുള്ളൂ. കൊതുകുകളെ വവ്വാലുകള്‍ വേട്ടയാടുന്നതാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങള്‍ പടരാത്തതിന് പ്രധാനകാരണം. കൊതുകുകളെ വവ്വാലുകള്‍ വേട്ടയാടുന്നതാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങള്‍ പടരാത്തതിന് പ്രധാനകാരണം ശ്രീഹരി പറയുന്നു.
1500 വവ്വാലുകളെയെങ്കിലും ഗവേഷണ ആവശ്യത്തിനായി ഞാന്‍ പിടിച്ചിട്ടുണ്ട്. വവ്വാലുകള്‍ അസുഖം പരത്തുമെങ്കില്‍ ആദ്യം അസുഖം വരേണ്ടത് എനിക്കാണ്. വവ്വാലുകളുടെ ശരീരം ചൂടുള്ളതാണ്. ഇക്കാരണത്താല്‍ വൈറസുകള്‍ വവ്വാലുകളെ ബാധിക്കില്ല. വവ്വാലുകളെ ദയവുചെയ്ത് കൊന്നൊടുക്കുന്നത് ശ്രീഹരി അപേക്ഷിക്കുന്നു.
https://www.facebook.com/Malayalivartha