നിപ: എട്ടു പേര്‍ ആശുപത്രി വിട്ടു, വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വന്‍ തോതില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു

മലപ്പുറം, കോഴിക്കോട് ജില്ലകളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ നിപ വൈറസ് പനിക്ക് നേരിയ ആശ്വാസം ഉണ്ടായതായി കാണുന്നു. ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുമില്ല. നിലവില്‍ മെഡിക്കല്‍ കോളജില്‍ ഒമ്പതുപേരാണുള്ളത്. ഇതില്‍ മലപ്പുറത്തെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സംശയിക്കുന്ന കേസുകളില്‍ രണ്ടുപേര്‍ കുട്ടികളാണ്. പനി, ന്യൂമോണിയ, എന്‍സഫലൈറ്റിസ് തുടങ്ങിയ അസുഖങ്ങളോടെ ആശുപത്രിയിലെത്തിയ കല്ലായിയില്‍ നിന്നുള്ള ഒമ്പതുവയസ്സുകാരിയും കൂത്താളിയില്‍ നിന്നുള്ള ആറുവയസ്സുകാരനുമായ ഇവര്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. തുടര്‍ന്ന് സാമ്പിള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍, മിംസ് എന്നീ ആശുപത്രികളിലും രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ ചികിത്സയിലുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 11 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഏഴെണ്ണമടക്കം 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വന്‍ തോതില്‍ മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. റിപാവിറിന്‍ എന്ന മരുന്നാണ് കെ.എം.എസ്.സി.എല്‍ മുഖേന എത്തിച്ചത്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാവിറിന്‍.
പ്രതിപ്രവര്‍ത്തനത്തിന് ഏറെ സാധ്യതയുള്ള ഈ മരുന്ന് പ്രത്യേക പരിശോധനകള്‍ക്ക് ശേഷമേ രോഗികള്‍ക്ക് നല്‍കാനാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചില രോഗികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഈ മരുന്ന് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍കോളജ് അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജില്‍ എയിംസ് സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ രൂപരേഖ തയാറായിട്ടുണ്ട്.
ജില്ല കലക്ടര്‍ യു.വി. ജോസിെന്റ അധ്യക്ഷതയില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ കോര്‍ഡിനേറ്റര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. ദത്ത, അസി. കമീഷണര്‍ ഡോ. എച്ച്.ആര്‍. ഖന്ന, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കബള്‍ ഡിസീസിലെ വിദഗ്ധരായ ഡോ. ഷൗക്കത്ത് അലി, ഡോ. എസ്.കെ. സിങ്, ഡോ. എസ്.കെ. ജയിന്‍, പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, ജില്ല മെഡിക്കല്‍ ഓഫിസര്‍ വി. ജയശ്രി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് അയച്ചിട്ടുണ്ട്.
നിപ വൈറസ് ബാധയെന്ന് സംശയിച്ച് എല്ലാവരും സാമ്പിളുകളെടുക്കാന്‍ എത്തേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. രോഗബാധിതരുമായി അടുത്ത ബന്ധം സ്ഥാപിച്ചവരുടെയും ലക്ഷണങ്ങള്‍ കാണിച്ചവരുടെയും മാത്രമേ സാമ്പിളെടുക്കേണ്ടതുള്ളൂ. അനാവശ്യമായി രക്തസാമ്പിളുകളും മറ്റും ശേഖരിച്ച് അയക്കുന്നത് യഥാര്‍ഥ ലക്ഷണമുള്ളവരുടെ ചികിത്സ വൈകാനിടയാക്കും. ചികിത്സാമാര്‍ഗരേഖ പുറത്തുവന്നതോെട ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കും. പേരാമ്പ്ര ഭാഗത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ ആവശ്യമുയരുന്നത്.
നിപ രോഗബാധ നിയന്ത്രണവിധേയമായെന്ന് പറയാറായിട്ടില്ലെന്ന് ഡോ. ജയശ്രീ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവസാന നിപ ബാധയും റിേപ്പാര്‍ട്ട് ചെയ്ത ശേഷം 42 ദിവസം നിരീക്ഷണം നടത്തണം. ഈ ദിവസം കഴിഞ്ഞിട്ടും വൈറസ് ബാധയില്ലെങ്കില്‍ മാത്രമേ പൂര്‍ണമായും രോഗം നിയന്ത്രണവിധേയമായി എന്ന് പറയാനാകൂ. നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. രോഗിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടത്. ഇങ്ങനെയുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ഡി.എം.ഒ പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. പുണെയില്‍ നിന്നുള്ള വെറ്ററിനറി വിദഗ്ധരുടെ സംഘം വ്യാഴാഴ്ച എത്തുമെന്നും താഴെത്തട്ടില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഊര്‍ജിതമാെണന്നും ഡി.എം.ഒ പറഞ്ഞു.
https://www.facebook.com/Malayalivartha