വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെതിരെ കുരുക്ക് മുറുകുന്നു; വീട്ടിലായിരുന്ന തന്നെ വിളിച്ചുവരുത്തി എസ്.പി പ്രതിയാക്കുകയായിരുന്നെന്ന് എസ്.ഐ

ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ രക്ഷിക്കാനാണ് വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തന്നെ പ്രതിയാക്കിയതെന്ന് എസ്.ഐ ദീപക്ക് ഹൈക്കോടതിയെ അറിയിച്ചു. അവധിയെടുത്ത് വീട്ടില്‍ പോയ തന്നെ എസ്.പി വിളിച്ച് വരുത്തിയാണ് കേസില്‍ പ്രതിചേര്‍ത്തത്. എസ്.പിയുടെ സ്‌ക്വാഡിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്ന് ദീപക്കിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം തെളിവ് ലഭിച്ചാല്‍ ആരേയും പ്രതിയാക്കുമെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. ആരേയും കേസില്‍ നിന്ന് ഒഴിവാക്കില്ലെന്നും തെളിവ് ലഭിച്ചാല്‍ എസ്പിയെയും പ്രതിയാക്കുമെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.
ജാമ്യം തേടി എസ്‌ഐ ദീപക്ക് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യുഷന്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ശ്രീജിത്തിനെ സംഭവ ദിവസം രാത്രി ആര്‍ടിഎഫ് ഉദ്യോഗസ്ഥരും വരാപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ ദീപക്കും മര്‍ദിച്ചതായാണു കേസ്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയതിനാല്‍ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നാണ് എസ്.ഐ ആരോപിക്കുന്നത്. ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന ദേവസ്വംപാടത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ശ്രീജിത്തിന്റെ കൊലപാതകത്തിന് കാരണമായെന്ന് ബന്ധുക്കളടക്കം ആരോപിക്കുന്നു.
കസ്റ്റഡി മരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദേവസ്വംപാടത്ത് ബി.ജെ.പിയാണ് വിജയിച്ചത്. അതിന് നേതൃത്വം നല്‍കിയത് മരണപ്പെട്ട ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായിരുന്നു. ഇതാണ് പ്രാദേശിക സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചതെന്നും ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് നേതാക്കള്‍ ഏര്യാകമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നെന്നും ശ്രീജിത്തിന്റെ അമ്മ ആരോപിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകനായ വാസുദേവനെ ഒരു സംഘം വീട് കയറി ആക്രമിച്ചിരുന്നു. തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തു. ആക്രമിച്ച സംഘത്തില്‍ ശ്രീജിത്തുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്രമല്ല ശ്രീജിത്തിന് പങ്കുണ്ടെന്ന് വാസുദേവന്റെ മകന്‍ മൊഴി നല്‍കിയതായി പൊലീസ് വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha