ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്

എറണാകുളം ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനസേവ ശിശു ഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് നോട്ടീസയച്ചു . അവരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് സഹിതമാണ് ഹാജരാക്കേണ്ടതെന്നും കത്തില്‍ പറയുന്നു. കാണാതായ കുട്ടികളെ ഈ അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ പഠനത്തെ ബാധിക്കാത്ത വിധം സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്ന വിധം എത്തിക്കണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 19/4/2017 ല്‍ നടത്തിയ പരിശോധനയില്‍ ജെ.ജെ. ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടത്തിയിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല. എന്നാല്‍ കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല.
ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനസേവ ശിശു ഭവന്‍ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം ഞായറാഴ്ച സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha