മലയോര ഹൈവേ; ആദ്യഘട്ട നിർമ്മാണത്തിന് ഭരണാനുമതി

ഉപ്പുതറ: മലയോര ഹൈവേയുടെ ആദ്യ ഘട്ട നിർമ്മാണത്തിന് ഭരണാനുമതിയായി. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 19 കിലോമീറ്റർ നിർമ്മാണത്തിന് 76 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ പീരുമേട്ടിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് നിർമ്മാണം സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു.
അദ്ദേഹം നൽകിയ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗമാണ് ഹൈവേ നിർമ്മാണത്തിന് ഭരണാനുമതി നൽകിയത്. നടപ്പാതയോടു കൂടി 12 മീറ്റർ വീതിയിലാണ് റോഡു നിർമ്മാണം. പാതയോരത്ത് ടോയ്‌ലറ്റും, പ്രധാന സ്ഥലങ്ങളിൽ ദൂരകാഴ്ചകൾ കാണാനുള്ള സൗകര്യവും, ഇരിപ്പിടവും ഉണ്ടാകും.
പൊതുമരാമത്തുവകുപ്പ് പീരുമേട് സബ്ഡിവിഷനു കീഴിലുള്ളതാണ് അനുമതി കിട്ടിയ 19 കിലോമീറ്റർ . ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള 21 കിലോമീറ്റർ നിർമ്മാണം അടുത്ത ഘട്ടത്തിലുണ്ടാകും. കട്ടപ്പന ടൗണിൽ 12 മീറ്റർ വീതിയിൽ ഹൈവേ നിർമ്മിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായിരുന്നു. ചീഫ് എഞ്ചിനീയറെത്തി പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു.
സ്ഥലം വിറ്റുകിട്ടുന്നിടത്ത് 12 മീറ്ററും, അല്ലാത്ത ഭാഗങ്ങളിൽ ലഭിക്കാവുന്ന പരമാവധി വീതിയിലും നിലവിലുള്ള റോഡ് പ്രയോജനപ്പെടുത്താമെന്ന് ധാരണയായി. ഇതു സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ അടുത്ത കിഫ്ബി യോഗത്തിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള നിർമ്മാണത്തിനും ഭരണാനുമതിയാകും. ജോയ്സ് ജോർജ് .എം .പി യുടേയും, ഇ. എസ്. ബിജിമോൾ എം.എൽ.എയുടേയും ഇടപ്പെടലാണ് വേഗത്തിൽ ഭരണാനുമതി കിട്ടാൻ സഹായകമായത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha