പേരാമ്പ്രയില്‍ നിന്നു ശേഖരിച്ചതെന്ന് അവകാശപ്പെട്ട് വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് 'നിപ്പ'യെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യരെ പോലീസ് പൊക്കിയതോടെ മലക്കം മറിഞ്ഞ് ക്ഷമാപണവുമായി രംഗത്ത്

വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് 'നിപ്പ'യെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യര്‍ ഒടുവില്‍ ക്ഷമാപണവുമായി രംഗത്ത്. പേരാമ്പ്രയില്‍ നിന്നു ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ചാണ് സര്‍ക്കാരിനേയും ആരോഗ്യപ്രവര്‍ത്തകരെയും പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ വെല്ലുവിളിച്ചത്.
നിപ്പ ഭീതി പരക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില്‍ കേസെടുത്തതിനു പിന്നാലെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെങ്കില്‍, വായില്‍ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനോട് മാപ്പ് ചോദിക്കുന്നുവെന്ന് മോഹനന്‍ വൈദ്യര്‍ വ്യക്തമാക്കി.
താന്‍ അലോപ്പതിക്കോ ഹോമിയോപ്പതിക്കോ ആയുര്‍വേദത്തിനോ എതിരല്ല. പൊതുജനങ്ങളുടെ ആരോഗ്യമാണ് ലക്ഷ്യം. എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് ഇപ്പോഴത്തെ വിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാണ് ഉദ്ദേശിച്ചത്. ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടാവാതിരിക്കാനാണ് താന്‍ അങ്ങനെയൊക്കെ ചെയ്തത്. മന്ത്രിസഭക്കോ മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും എതിരല്ല. പാരമ്പര്യവൈദ്യത്തെ പിന്തുണച്ച സര്‍ക്കാരാണ് പിണറായി മന്ത്രിസഭ. അലോപ്പതിയും ആയുര്‍വേദവും ഹോമിയോയും സിദ്ധയും എല്ലാം നമ്മുടെ വൈദ്യശാസ്ത്രങ്ങളാണ്. ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മോഹനന്‍ വൈദ്യര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിപ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച പഴങ്ങൾ കഴിക്കുന്ന വീഡിയോ മോഹനൻ വൈദ്യര്‍ ഫേസ് ബുക്കില്‍ പോസ്റ്റ്ചെയ്തിരുന്നു. നിപ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പും ബോധവല്‍ക്കരണം നടത്തുമ്പോഴാണ് പൊതുസമൂഹത്തിന്‍റെ ഭയം മാറ്റാനെന്ന് പറഞ്ഞ് വൈദ്യര്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് മാപ്പ് പറഞ്ഞ് മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയത്. ക്ഷമാപണ വീഡിയോയില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയും വൈദ്യര്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha