സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്ന നിപ വൈറസ് ബാധയുടെ ചികിത്സക്കായി മാര്‍ഗരേഖ തയാറായി...

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്ന നിപ വൈറസ് ബാധയുടെ ചികിത്സക്കായി മാര്‍ഗരേഖ തയ്യാറാക്കി. നിപയുടെ ഉറവിടം മുതല്‍ ശ്രദ്ധിക്കേണ്ട ഓരോ കാര്യങ്ങളും ശാസ്ത്രീയമായി വിശദീകരിക്കുന്ന രൂപരേഖയില്‍ പക്ഷേ, വൈറസ് ബാധക്ക് ഇതുവരെ ചികിത്സയോ പ്രതിരോധ വാക്‌സിനോ ഇല്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വലിയ അളവില്‍ എത്തിച്ച റിബാവിറിന്‍ എന്ന ആന്റിവൈറല്‍ മരുന്ന് നിപ വൈറസ് ബാധിച്ച എന്‍സഫലൈറ്റിസ് രോഗികളില്‍ മരണനിരക്ക് കുറച്ചേക്കാം എന്ന വസ്തുത മാത്രമാണ് ആശ്വാസകരമായുള്ളത്.രോഗനിവാരണത്തില്‍ റിബാവിറിന് വലിയ പങ്കൊന്നുമില്ലെന്നും അണുബാധയേറ്റ രോഗികളില്‍ സഹായക ചികിത്സയും അനുബന്ധ രോഗങ്ങള്‍ക്കുള്ള ചികിത്സയും നല്‍കുന്നതാണ് പ്രധാനമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ഡല്‍ഹിയിലെ നാഷനല്‍ സന്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജീത്ത് കെ. സിങ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. ജയിന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍വെച്ചാണ് ഇന്ത്യയിലാദ്യമായി നിപ വൈറസിനു വേണ്ടി ചികിത്സ രൂപരേഖ തയാറാക്കിയത്. ലോകത്ത് അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിപയെക്കുറിച്ച് ആരോഗ്യവകുപ്പിലെ ഉന്നതരും വിദഗ്ധ ഡോക്ടര്‍മാരും നല്‍കുന്ന ശാസ്ത്രീയമായ വിവരങ്ങള്‍ മാത്രമായിരുന്നു ഇതുവരെ പൊതുജനങ്ങള്‍ക്കും പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ്രയിക്കാനുണ്ടായിരുന്നത്.
പുതിയ രൂപരേഖയില്‍ എല്ലാ കാര്യങ്ങളും ഏറെ വ്യക്തതയോടെയും കൃത്യതയോടെയും വിവരിച്ചിട്ടുണ്ട്. 1998 മുതല്‍ മേയ് 1999 വരെ ആദ്യമായി മലേഷ്യയിലും സിംഗപ്പൂരിലും 276 പേരുടെ ജീവനെടുക്കും വിധം നിപ വൈറസ് മരണതാണ്ഡവമാടിയ ചരിത്രത്തോടെയാണ് മാര്‍ഗരേഖ തുടങ്ങുന്നത്. ബംഗ്ലാദേശിലും അയല്‍പ്രദേശമായ പശ്ചിമ ബംഗാളിലും 2001, 2007 വര്‍ഷങ്ങളിലും രോഗം പൊട്ടിപ്പുറപ്പെട്ടു. ടെറോപസ് ജെനുസ്സില്‍പ്പെട്ട വലിയ പഴംതീനികളായ വവ്വാലുകളാണ് പ്രകൃത്യാലുള്ള വൈറസ് വാഹകര്‍. രോഗം പൊട്ടിപ്പുറപ്പെടുന്നത് ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ്. നാലുമുതല്‍ 21 ദിവസങ്ങള്‍ക്കുള്ളിലാണ് വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുക. അണുബാധയേറ്റ വവ്വാല്‍, പന്നി എന്നിവയില്‍നിന്നും വൈറസ്ബാധയേറ്റ മനുഷ്യനില്‍നിന്നും രോഗം പടര്‍ന്നേക്കാം. കേരളത്തിലെ കേസുകള്‍ പരിശോധിക്കാന്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് െസന്ററിലാണ് സംവിധാനമൊരുക്കിയത്.
പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ആണ് റഫറല്‍ ലാബ്. രോഗം ബാധിച്ച് മരിച്ചവരും സ്ഥിരീകരിച്ചവരുമായി നേരിട്ടുള്ള ബന്ധം പുലര്‍ത്തിയ ആളുകളെ പരമാവധി ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം നിരീക്ഷിക്കേണ്ടതുണ്ട്. സുരക്ഷിതമായ ഐസോലേറ്റഡ് ഇടത്തില്‍ പ്രവേശിപ്പിച്ചതിനുശേഷമേ സാമ്പിള്‍ ശേഖരിക്കാവൂ. എന്‍95 മാസ്‌ക്, ഡബ്ള്‍ സര്‍ജിക്കല്‍ ഗ്ലൗ, ഗൗണ്‍, ഗോഗ്ള്‍ തുടങ്ങിയവ ഉപയോഗിച്ചുമാത്രമേ രോഗീപരിചരണവും സാമ്പിള്‍ ശേഖരണവും ഉള്‍പ്പടെ ചെയ്യാവൂ. നിപ സംശയിക്കുന്ന രോഗികളുടെ ഐസോലേറ്റഡ് വാര്‍ഡില്‍ കൂട്ടിരിപ്പുകാര്‍ പോലും സന്ദര്‍ശിക്കരുത്.
മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപരേഖയില്‍ നല്‍കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ മൂന്നു മീറ്ററെങ്കിലും ദൂരെ നിന്നേ ചെയ്യാവൂ എന്നും 10 അടി ആഴത്തിലേ മൃതദേഹം അടക്കാവൂ എന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha