മൃതദേഹം കൈകാര്യം ചെയ്യുന്നവരെയും ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാരെയും പ്രത്യേക ഗൗണും മുഖാവരണവും കൈയുറയും അണിയിച്ച് മതാചാര പ്രകാരം മൂസയെ മണ്ണില്‍ അടക്കം ചെയ്തു

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്, കണ്ണംപറമ്ബ് പൊതുശ്‌മശാനത്തില്‍ മതാചാരപ്രകാരമായിരുന്നു നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശി മൂസയുടെ മൃതദേഹം അടക്കം ചെയ്‌തത്. വൈറസ് വ്യാപിക്കുന്നതു തടയാനുള്ള തീവ്രമായ മുന്‍കരുതലോടെയായിരുന്നു ചടങ്ങുകള്‍.
വളരെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്‌ടര്‍ അനുമതി നല്‍കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവരെയും ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാരെയും പ്രത്യേക ഗൗണും മുഖാവരണവും കൈയുറയും അണിയിച്ചു.
മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ മൂന്നു മീറ്റര്‍ അകലെ നിന്നു നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറടക്കം കോഴിക്കോട് തഹസില്‍ദാരും മേല്‍നോട്ടം വഹിച്ചു. വൈറസ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിക്കുകയാണ് അഭികാമ്യമെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ദഹിപ്പിക്കലിനു മതാചാരങ്ങള്‍ തടസമാകുന്നപക്ഷം, മണ്ണില്‍ അടക്കം ചെയ്യുന്നതിനു സവിശേഷമായ നിര്‍ദേശങ്ങളുണ്ട്. പത്തടി താഴ്‌ചയില്‍, പ്രത്യേകം പൊതിഞ്ഞ് അടക്കം ചെയ്യണം.
വൈറസ് വ്യാപനം തടയാനായി അണുനാശിനികളും ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കണം. ഈ രീതിയിലാണു മൂസയുടെ സംസ്‌കാരം നടത്തിയത്. മൃതദേഹം ദഹിപ്പിക്കുന്നതിനു കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു.
https://www.facebook.com/Malayalivartha