കാനോന്‍ നിയമങ്ങളല്ല ഐ.പി.സിയാണ് കര്‍ദിനാളിന് ബാധകം; കര്‍ദിനാളിന്‍റെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നെന്ന രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

സിറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്ത തന്റെ വിധിന്യായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ഹൈക്കോടതി ജസ്‌റ്റിസ് കെമാല്‍ പാഷ. കര്‍ദിനാളിന് കാനോന്‍ നിയമങ്ങളല്ല ഇന്ത്യന്‍ പീനല്‍ കോഡാണ് ബാധകമെന്നും അദ്ദേഹം തുറന്നടിച്ചു. ഹൈക്കോടതിയിലെ ന്യായാധിപന്മാരുടെ നിയമനത്തിലും കേസുകളിലെ പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നതിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും വിരമിച്ച കെമാല്‍ പാഷ വിവിധ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
സമീപ കാലത്ത് ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണ്. നടന്നത് കീഴവഴങ്ങളുടെ ലംഘനമാണ്. ഇതില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ല. വിരമിച്ച ശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത് മുന്നറിയിപ്പായി തന്നെ കാണണം. ആരെയും വ്യക്തിപരമായി ഉപദേശിക്കാനില്ല. എത്ര പേര്‍ അനുസരിക്കുമെന്ന് അറിയില്ല. വിരമിച്ച ശേഷം ജോലി നല്‍കാമെന്ന് തനിക്ക് ആരും വാഗ്‌ദ്ധാനങ്ങള്‍ നല്‍കിയിട്ടില്ല. ശമ്ബളമുള്ള ജോലികള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ പരിഗണിക്കുന്നവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്‌ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ട്. ഒന്നിനും സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വിരമിക്കല്‍ പ്രസംഗത്തിലും അദ്ദേഹം ജഡ്‌ജി നിയമത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha