കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മുഖ്യപ്രതി പേരൂർക്കട, വഴയിലയിലെ ഭാര്യയുടെ വീട്ടിൽ എത്തിയശേഷം നാഗർ കോവിലേക്ക് കടന്നെന്ന് സൂചന... ഷാനു ചാക്കോയുടെ അച്ഛനെയും കേസിൽ പ്രതി ചേർത്തു

ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം ഇന്നലെ സാക്ഷിയായത്. കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ ഷാനു ചാക്കോ നാഗർകോവിലിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഭവത്തിന് ശേഷം പേരൂർക്കട, വഴയിലയിലെ ഭാര്യയുടെ വീട്ടിൽ എത്തിയശേഷമാണ് ഷാനു മുങ്ങിയത്.
നാഗർകോവിൽ ഭാഗത്തേക്ക് ഇയാൾ പോയതായി വിവരം ലഭിച്ച പേരൂർക്കട പൊലീസ് ആ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. മറ്റുചില സ്ഥലങ്ങളിലേക്ക് മുങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നീനുവിന്റെ അച്ഛൻ ചാക്കോയേയും പൊലീസ് പ്രതി ചേർത്തു. പതിനാലാമത്തെ പ്രതിയായാണ് ഉൾപ്പെടുത്തിയത്.
അത്ര തന്നെ പ്രതികളാണ് കേസിലുള്ളതെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. നീനുവിന്റെ വിവാഹ വാർത്തയറിഞ്ഞ് സഹോദരൻ ഷാനു ചാക്കോ നാട്ടിലെത്തിയത് കെവിനെ കൊല്ലാൻ പദ്ധതിയുമായാണെന്ന് പൊലീസ് പറയുന്നു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി 12 അംഗസംഘത്തെ വിളിച്ചതും മുഖ്യആസൂത്രണം നടത്തിയതും ഇയാളാണെന്നാണ് പൊലീസ് നിഗമനം. സംഘത്തിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്.
ഇതിൽ രണ്ടു പേർക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി അറിവായിട്ടുണ്ട്. ഭാര്യ വീട്ടിൽ നിന്ന് വാഗൺ ആർ കാറെടുത്താണ് ഒളിവിൽ പോയതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ഭാര്യവീട്ടുകാർ നിഷേധിച്ചിട്ടുണ്ട്. ഇയാൾ ഇവിടെ വന്നുപോയിട്ടുണ്ടോ എന്നറിയാൻ പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യവീട്ടിൽ നിന്ന് സാനു നാഗർകോവിലിലേക്ക് മുങ്ങിയെന്നാണ് വിവരം. ബന്ധുക്കളായ ചിലരെ ഇയാൾ നാഗർകോവിലിൽ നിന്ന് ബന്ധപ്പെട്ടിരുന്നു എന്ന സൂചന കിട്ടി. പേരൂർക്കട സി.ഐയും സംഘവും നാഗർകോവിലേക്ക് പോയിട്ടുണ്ട്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു. സാനു പേരൂർക്കടയിലെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലറും സംഘവും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ 26ന് ഗൾഫിൽ നിന്ന് പേരൂർക്കടയിലെ ഭാര്യവീട്ടിലെത്തിയ സാനു ബാഗ് വീട്ടിൽ വച്ചശേഷം സഹോദരി നീനു കെവിനൊപ്പം പോയതായും അവളെ തിരിച്ചുവിളിക്കാൻ പോകുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
അന്നും അടുത്ത ദിവസങ്ങളിലും സാനുവിനെ ഫോണിൽ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ ദിവസമാണ് അൽപം പ്രശ്നമുള്ളതായി പ്രതികരിച്ചതെന്ന് ഇയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞു. നീനുവിനെ തിരികെ വിളിച്ചുകൊണ്ടുവരാൻ അച്ഛൻ പയ്യൻമാരെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ഇവളെ തിരിച്ചെത്തിച്ചാലുടൻ മടങ്ങിവരുമെന്നുമായിരുന്നു ഭാര്യയോട് ആദ്യം പറഞ്ഞത്. ഇന്നലെ രാവിലെ കെവിൻ കൊല്ലപ്പെട്ടതായി ചാനലുകളിൽ വാർത്തകണ്ട് സാനുവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ലെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നുമാണ് അവരുടെ നിലപാട്. അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
https://www.facebook.com/Malayalivartha