ഒന്‍പതു വര്‍ഷം മുൻപ് മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിൽ എത്തി... സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വന്നതോടെ കുടിയനായ സച്ചിന്റെ തനി നിറം പുറത്ത്... ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന പന്ന്യാലിലെ മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് ഒന്‍പതു വര്‍ഷം മുമ്പാണു സച്ചിന് കേരളത്തിലെത്തിയത്. ഈ ബന്ധത്തില്‍ മൂന്നു മക്കളുമുണ്ട്. നിര്‍മാണ തൊഴിലാളിയായ സച്ചിന് അമിതമായി മദ്യപിക്കുന്നയാളായതിനാല്‍ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിയായി.
ഭാര്യയുടെ പ്രസവസമയത്ത് ഒരാളില്‍ നിന്നും കടമായി വാങ്ങിയ 9,000 രൂപ കൊടുക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ മകന് സൈക്കിളിനും കൂടി ആവശ്യപ്പെട്ടതോടെ സമ്മര്‍ദത്തിലായ സച്ചിന് മോഷണം നടത്തി പണം കണ്ടെത്താന്‍ തീരുമാനിച്ചു. കവര്‍ച്ച നടത്തിയ ദിവസം പകല്‍ തന്നെ ആക്സോബ്ലെയ്ഡും മറ്റും കടലാസില്‍ പൊതിഞ്ഞു തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സൂക്ഷിക്കുകയും രാത്രി ഏഴരയോടെ തളിപ്പറമ്പിലെ ബിയര്‍ പാര്‍ലറില്‍ നിന്നും മദ്യപിച്ചശേഷം ട്രഷറിയില്‍ എത്തുകയുമായിരുന്നു. നിരവധി പേര് ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ വരുന്നതു നേരത്തെ കണ്ടിട്ടുള്ളതിനാല്‍ ഇവിടെ പണം ഉണ്ടാകുമെന്നു കരുതിയാണ് എത്തിയത്. മാത്രമല്ല കാവലില്ലാതിരുന്നതും ട്രഷറി തെരഞ്ഞെടുക്കാന്‍ കാരണമായി.
കനത്ത മഴയായതിനാല്‍ വൈദ്യുതി ബന്ധവും നിലച്ചിരുന്നു. അരമണിക്കൂര്‍ സമയമെടുത്താണു പ്രധാന കവാടത്തിലെ പൂട്ടുമുറിച്ച് അകത്തുകടന്നത്. സ്ട്രോംഗ് റൂമിലേക്കുള്ള കവാടം തുറന്നെങ്കിലും സ്ട്രോംഗ് റൂം പൂട്ട് സീല്‍ ചെയ്ത നിലയില്‍ കണ്ടതോടെ വൈദ്യുതി കടത്തിവിടുന്ന വയറാണെന്നു തെറ്റിദ്ധരിച്ചാണ് അവിടെ നിന്നും മടങ്ങിയത്.
പിന്നീട് തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിലെത്തി ലോട്ടറി സ്റ്റാളിനു സമീപം നിന്നപ്പോള്‍ സ്റ്റാളുടമ പണം എണ്ണി മേശയില്‍ വയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. രാത്രി 11 വരെ അവിടെ ചുറ്റിത്തിരിഞ്ഞു നടന്നശേഷം ആളുകളെല്ലാം പോയെന്ന് ഉറപ്പുവരുത്തിയാണു പൂട്ട് തകര്‍ത്ത് അകത്തുകടന്നു മേശയിലെ 30,000 രൂപ കവര്‍ന്നത്. കൂടാതെ ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും മോഷ്ടിച്ചു. മോഷ്ടിച്ച ടിക്കറ്റ് പത്തിലേറെ പേര്‍ക്കു വില്പന നടത്താന്‍ ഏല്‍പ്പിച്ചതാണു സച്ചിനു വിനയായത്.
ടിക്കറ്റിനു പിറകിലെ സീല്‍ കണ്ടു ചിലര്‍ പോലീസിനു വിവരം നല്‍കുകയായിരുന്നു. പോലീസ് സംഘം സച്ചിനെ രഹസ്യമായി നിരീക്ഷിച്ച ശേഷം ഇന്നു രാവിലെ വില്പനക്കാരില് നിന്നു പണം ശേഖരിക്കാനെത്തിയപ്പോഴാണു പിടികൂടിയത്. കടം വാങ്ങിയ പണം കഴിഞ്ഞദിവസം യുഎഇ എക്സേഞ്ച് വഴി അയച്ചുകൊടുത്തതായും പണം ഉപയോഗിച്ചു സൈക്കിള്‍ വാങ്ങിയതായും പ്രതി സമ്മതിച്ചു.
https://www.facebook.com/Malayalivartha