അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരില്‍ സര്‍ക്കാര്‍ ഒലിച്ചുപോകാതെ, ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കണം ഇല്ലെങ്കില്‍ മൂന്ന് കൊല്ലം കഴിയുമ്പോള്‍ ജനം മറുപടിപറയും... ബാലറ്റിലൂടെ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ കസ്റ്റഡി മരണങ്ങളിലും കൊലപാതകങ്ങളിലും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീര്‍ തോരുന്നില്ല. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പൊലീസിനെ വരുതിയില്‍ നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് ആവുന്നില്ല. ഇതിനെതിരെ എല്‍.ഡി.എഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി കൊല്ലപ്പെട്ടത് മുതല്‍ ഏറ്റവും അവസാനം കെവിന്‍ എന്ന നവവരന്‍ കോട്ടയത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായത് വരെ പിണറായി സര്‍്ക്കാരിന്റെ ശോഭയ്ക്ക് നിറംകെടുത്തുന്നു.
2017 ജനുവരിയിലാണ് ഹോസ്റ്റലിലെ ശുചി മുറിയില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണു പ്രണോയിയെ കണ്ടത്. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ നടപടി എടുക്കുമെന്ന ഭയപ്പാടിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് നല്‍കിയ മറുപടി. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ ഇടിമുറിയും ചോരപ്പാടുകളും ദുരൂഹതകളിലേക്ക് വഴി തുറന്നു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. സ്വാശ്രയ കോളജുകള്‍ക്ക് എതിരെ സമരകാഹളം മുഴങ്ങി. അന്വേഷണം കോളജ് ഉടമ കൃഷ്ണദാസിലേക്കും പി.ആര്‍.ഒയിലേക്കും നീങ്ങി. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് പി.ആര്‍.ഒ. ഇവരെ രണ്ട് പേരെയും തൊടാന്‍ പൊലീസ് മടികാണിച്ചു. സംഭവം വിവാദമായതോടെയാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ജിഷ്ണുപ്രണോയിയുടെ കുടുംബം സി.പി.എം പ്രവര്‍ത്തകരായിട്ട് പോലും ആ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.
ജിഷ്ണുപ്രണോയിയുടെ മരണം കാര്യക്ഷമമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിന്നീടാണ് കേസ് സി.ബി.ഐക്ക് വിട്ടത്. മുടി നീട്ടിവളര്‍ത്തിയതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ ആദ്യം സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീടവര്‍ സര്‍വ്വീസില്‍ കയറി. അന്വേഷണം എങ്ങുമെത്തിയില്ല. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ സി.പി.എം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ അതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങി. തുടര്‍ന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.
വരാപ്പുഴയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ശ്രീജിത്ത് എന്ന യുവാവിനെ രാത്രിയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കൊന്നത്. സംഭവത്തില്‍ റൂറല്‍ എസ്.പിയെയും എസ്.ഐയെയും സസ്‌പെന്റ് ചെയ്തു. അന്വേഷണം നടക്കുകയാണ്. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ എന്ന സി.പി.എം പ്രവര്‍ത്തകന്റെ വീട് ഒരു സംഘം ആക്രമിച്ചതില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രാദേശിക സി.പി.എം നേതാക്കള്‍ ഇടപെട്ട് വേറൊരു ശ്രീജിത്തിന് പകരം മരിച്ച ശ്രീജിത്തിനെ പ്രതിയാക്കുകയായിരുന്നു. ശ്രീജിത്ത് പ്രതിയാണെന്ന് വാസുദേവന്റെ മകന്റെ കള്ളമൊഴി വരെ പൊലീസ് സൃഷ്ടിച്ചു. ഇതിനെതിരെ വാസുദേവന്റെ മകന്‍ തന്നെ രംഗത്തെത്തി. സി.പി.എം പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ശ്രീജിത്ത്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നു. അങ്ങനെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് ബി.ജെ.പി ജയിച്ചു. ഇതേ തുടര്‍ന്നുള്ള പകയാണ് ശ്രീജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമ്മയും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു.
കണ്ണൂര്‍ മാഹിയിലെ സി.പി.എം പ്രവര്‍ത്തകനായ ബാബു രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മുക്കാല്‍ മണിക്കൂറിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകനായ ഷമേജിനെയും കൊലപ്പെടുത്തി. രണ്ട് കേസുകളിലും ചില പ്രതികളെ അറസ്റ്റ് ചെയ്തു. അതോടെ എല്ലാം അവസാനിച്ച മട്ടാണ്. കൊല്ലപ്പെച്ച ബാബുവിനും ഷമേജിനും ഭാര്യയും മക്കളുമുണ്ട്. അവരുടെ കണ്ണൂനീരിന് ഒരേനിറമാണെങ്കിലും അത് കാണാന്‍ രാഷ്ട്രീയ എതിരാളികള്‍ക്കായില്ല. ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയുടെ കണ്ണീര്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെങ്കിലും ശ്രീജിത്തിന് പകരമാവില്ലത്. ആര്യനന്ദ എന്ന ചെറിയ മോളുണ്ട് ശ്രീജിത്തിന്. അമ്മ ശ്യാമള മകനെയോര്‍ത്ത് ഇന്നും വിലപിക്കുന്നു. വീടിന് അടുത്ത് വരെ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ല. കെവിന്റെ അമ്മ മേരിയും ഭാര്യ നിനുവും ഇനി എങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുമെന്നറിയില്ല.
ഇങ്ങനെ അമ്മമാരുടെയും ഭാര്യമാരുടെയും പറക്കമുറ്റാത്ത മക്കളുടെയും കണ്ണീരും ശാപവും പേറി പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ പൊലീസും ഭരണം തുടരുന്നു. തുടര്‍ഭരണം എന്ന ലക്ഷ്യവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. കാരണം രാജ്യത്ത് സി.പി.എമ്മിന് അധികാരമുള്ള ഏക സംസ്ഥാനം കേരളമാണ്. ബാംഗാള്‍ നേരത്തെ കൈവിട്ടു, ഇപ്പോ ത്രിപുരയും പോയി. ആകെയുള്ള കേരളവും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരില്‍ ഒലിച്ചുപോകാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ മൂന്ന് കൊല്ലം കഴിയുമ്പോഴവര്‍ മറുപടിപറയും... ബാലറ്റിലൂടെ...
https://www.facebook.com/Malayalivartha